ദില്ലി: റെയില്‍വേ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. രാജ്യസഭയില്‍ റെയില്‍വേ സഹമന്ത്രി രജ്ഞന്‍ ഗൊഹെയ്ന്‍ ആണ് ഇക്കാര്യം അറിയിച്ചത്. 

നടപ്പുവര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ റെയില്‍വേ യാത്രക്കാരുടെ എണ്ണത്തില്‍ 0.68 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായും മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. 

ഉത്സവസീസണുകളിലേയും അവധിക്കാലത്തേയും തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുന്നതെന്നും ആവശ്യക്കാരുടെ എണ്ണം കൂടി കണക്കിലെടുത്താണ് സ്‌പെഷ്യല്‍ ട്രെയിനിന് സ്‌പെഷ്യല്‍ നിരക്ക് ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.