യാത്രാക്കൂലി വര്‍ദ്ധിപ്പിക്കാതെ പരമാവധി വരുമാനം ലക്ഷ്യമിട്ടാണ് ഇതുവരെയില്ലാത്ത പരീക്ഷണങ്ങള്‍ക്ക് റെയില്‍വെ മുതിരുന്നത്. അടുത്തയാഴ്ച ചേരുന്ന റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ ബ്രാന്റഡ് വണ്ടികള്‍ ഓടിത്തുടങ്ങാന്‍ പിന്നെ താമസമില്ല. പദ്ധതി അനുസരിച്ച് ട്രെയിനുകളില്‍ അകത്തും പുറത്തുമെല്ലാം പരസ്യം കൊണ്ട് നിറയ്ക്കാനുള്ള പൂര്‍ണ്ണ അധികാരം ഒരു പ്രത്യേക കമ്പനിക്ക് നല്‍കും. ട്രെയിനില്‍ എല്ലായിടത്തും പരസ്യം പതിയ്ക്കാനുള്ള അവകാശം ദീര്‍ഘ നാളേയ്ക്ക് നല്‍കുന്ന തരത്തിലായിരിക്കും പദ്ധതി. ചുരുക്കത്തില്‍ വര്‍ഷങ്ങളോളം ഒരു തീവണ്ടി, പ്രത്യേക കമ്പനിയുടെ പരസ്യവണ്ടിയായി മാറും. വന്‍ കോര്‍പറേറ്റുകളെയാണ് റെയില്‍വെ ലക്ഷ്യമിടുന്നത്. യു.പി.എ സര്‍ക്കാറിന്റെ കാലത്തും ഇത്തരത്തില്‍ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും നടപ്പിലായില്ല. പരസ്യം പോലുള്ള മറ്റ് മാര്‍ഗങ്ങളിലൂടെ വരുമാനം കണ്ടെത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശമാണ് പദ്ധതി ഉടനടി പ്രാബല്യത്തിലെത്തിക്കാന്‍ റെയില്‍വെയെ പ്രേരിപ്പിച്ചത്. 

യാത്രക്കാര്‍ക്ക് ബാധ്യതയാവാത്ത വിധത്തില്‍ വേണം വരുമാന വര്‍ദ്ധനവിനുള്ള വഴികള്‍ തേടേണ്ടതെന്നാണ് റെയില്‍വേയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും യാത്രാക്കൂലി വര്‍ദ്ധനവിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സര്‍ക്കാറിന് ഇപ്പോള്‍ കഴിയില്ല. ട്രെയിനുകള്‍ക്കൊപ്പം സ്റ്റേഷനുകളും നടപ്പാലങ്ങളുമെല്ലാം ഇനി പരസ്യങ്ങള്‍ കൊണ്ട് നിറയ്ക്കാനാണ് തീരുമാനം. പ്രതിവര്‍ഷം 2000 കോടി വരുമാനം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. സ്റ്റേഷനുകളിലും മേല്‍പ്പാലങ്ങളിലും എല്‍.ഇ.ഡി സ്ക്രീനുകള്‍ പോലുള്ളവ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.