ഉപഭോക്താക്കളുടെ പേരില്‍ അനുമതിയില്ലാതെ പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കും യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റിയും നടപടിയെടുത്തത്.

മുംബൈ: എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്കിന് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഉപഭോക്താക്കളുടെ ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി നടപടികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ ബാങ്കിങ് നടപടികള്‍ എയര്‍ടെല്ലിന് പൂര്‍ണ്ണതോതില്‍ പുനരാരംഭിക്കാന്‍ കഴിയും. 

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ പേരില്‍ അനുമതിയില്ലാതെ പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കും യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റിയും നടപടിയെടുത്തത്. കോടിക്കണക്കിന് രൂപയുടെ പാചക വാതക സബ്സിഡി ഇങ്ങനെ ഉപഭോക്താക്കള്‍ അറിയാതെ എയര്‍ടെല്‍ അക്കൗണ്ടുകളിലേക്ക് വന്നു. ഇതിന് വലിയ വിവാദമായി മാറിയതോടെയാണ് ആധാര്‍ അടിസ്ഥാനമാക്കി ഇ-കെവൈസി ചെയ്യാനുള്ള ലൈസന്‍സ് യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി റദ്ദാക്കിയത്. 

ഇതേ തുടര്‍ന്ന് 138 കോടി രൂപയുടെ പാചക വാതക സബ്സിഡി എയര്‍ടെല്‍ തിരികെ നല്‍കി. ശേഷം ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഉപഭോക്താക്കളുടെ വെരിഫിക്കേഷന് അനുമതി നല്‍കിയെങ്കിലും പേയ്മെന്റ്സ് ബാങ്കിലെ ഇ കെവൈസിക്കുള്ള വിലക്ക് തുടരുകയായിരുന്നു. ഇതിനിടെ സംഭവത്തില്‍ അന്വേഷണം നടത്തിയ റിസര്‍വ് ബാങ്ക്, എയര്‍ടെല്ലിന് അഞ്ച് കോടി പിഴയും വിധിച്ചിരുന്നു.