എപ്രില്‍ മാസം ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ആര്‍ബിഐ പുറപ്പെടുവിച്ചിരുന്നു
ദില്ലി: ബിറ്റ്കോയിനുള്പ്പടെയുളള ക്രിപ്റ്റോകറന്സികളില് നിക്ഷേപം നടത്തിയിട്ടുള്ളവര്ക്ക് ആര്ബിഐയുടെ അന്ത്യശാസനം. ക്രിപ്റ്റോകറന്സിയുമായി ബന്ധപ്പെട്ട സേവനങ്ങള് ജൂലൈ അഞ്ചിനകം നിര്ത്തിവെക്കണമെന്നാണ് ആര്ബിഐയുടെ ഉത്തരവ്.
മൂന്ന് മാസത്തെ ബഫര് കാലാവധിക്കുള്ളില് ക്രിപ്റ്റോകറന്സികളിലുളള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്ന് ഏപ്രില് മാസം റിസര്വ് ബാങ്ക് സര്ക്കുലര് പുറപ്പെടുവിച്ചിരുന്നു. ഈ കാലാവധിയാണ് ജൂലൈ അഞ്ചിന് അവസാനിക്കുന്നത്. ഇന്റര്നെറ്റ് കമ്പനികളെ പ്രതിനിധീകരിക്കുന്ന ഇന്റര്നെറ്റ് ആന്ഡ് മൊബൈല് അസോസിയേഷന് ഓഫ് ഇന്ത്യ (ഐഎഎംഎഐ) ക്രിപ്റ്റോകറന്സി നിരോധിക്കാനുളള ആര്ബിഐയുടെ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്, ഇന്ന് സുപ്രീംകോടതി അസോസിയേഷന്റെ ആവശ്യം തളളിയതായി ബ്ലൂംബെര്ഗ് റിപ്പോര്ട്ട് ചെയ്യുന്നു.
ഇതോടെ, ക്രിപ്റ്റോകറന്സികള് രാജ്യത്ത് പൂര്ണ്ണമായും നിരോധിക്കപ്പെട്ടു. ആര്ബിഐ നിയന്ത്രണത്തിലുളള ബാങ്കുകള് ക്രിപ്റ്റോകറന്സിയില് ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ ഇടപാട് നടത്തുകയോ സേവനങ്ങള് നല്കുകയോ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും റിസര്വ് ബാങ്ക് നിര്ദ്ദേശം നല്കി.
