കൊച്ചി: സംസ്ഥാനത്തെ ചില ബാങ്കുകളുടെ മുന്നൂറോളം എടിഎം കൗണ്ടറുകളില്‍ മതിയായ സുരക്ഷാ സംവിധാനമില്ലെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശ പ്രകാരം പരിശോധന നടത്തിയ സ്വകാര്യ ഏജന്‍സി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ എ.ടി.എമ്മുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി.

പല എ.ടി.എം കൗണ്ടറുകളിലെയും സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. മാഗ്നറ്റിക് സ്ട്രിപ്പ് ഉള്ള പഴയ കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സ്കിമ്മറുകള്‍ പോലുള്ളവ തട്ടിപ്പുകാര്‍ എ.ടി.എം കൗണ്ടറുകളില്‍ സ്ഥാപിച്ചാല്‍ അത് തിരിച്ചറിയാനുള്ള സെന്‍സറുകള്‍ പല സ്ഥലങ്ങളിലുമില്ല. എ.ടി.എം സേവനങ്ങള്‍ക്കായി ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാറുണ്ടെങ്കിലും അവ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

എ.ടി.എം, നെറ്റ് ബാങ്കിങ് തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്ക് ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ നല്‍കണം. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതലത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടികള്‍ ഓഡിറ്റ് ചെയ്യാനും നിരീക്ഷണ സംവിധാനത്തിനും നിര്‍ദേശമുണ്ട്.