മുംബൈ: കേന്ദ്ര സര്‍ക്കാരിനോടും വാണിജ്യ ബാങ്കുകളോടും സഹകരിച്ച് സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുമെന്ന റിസര്‍വ് ബാങ്കിന്‍റെ പുതിയ മേധാവിയായി ചുമതലയേറ്റ ശക്തികാന്ത ദാസിന്‍റെ പ്രസ്താവനയിലെ സൂചനകളെ തുടര്‍ന്ന് ഇന്ത്യന്‍ നാണയത്തിന് വിനിമയ വിപണിയില്‍ വന്‍ നേട്ടം. ഇന്ന് രൂപയുടെ മൂല്യത്തില്‍ 42 പൈസയുടെ നേട്ടമുണ്ടായി. 

പിടിഐയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡോളറിനെതിരെ രൂപയുടെ മൂല്യം ഒടുവില്‍ വിവര ലഭിക്കുമ്പോള്‍ 71.59 എന്ന നിലയിലാണ്. ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 'സ്ഥാപനത്തിന്‍റെ വിശ്വാസ്യയതയും സത്യസന്ധതയും ഉയര്‍ത്തിപ്പിടിക്കും, ബന്ധപ്പെട്ടവരെയെല്ലാം ഒന്നിച്ച് കൊണ്ടുപോകും' എന്ന ശക്തികാന്ത ദാസിന്‍റെ പരാമര്‍ശത്തെ നിക്ഷേപകര്‍ വലിയ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.