നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്ന് റിസർവ് ബാങ്ക്. രാജ്യസുരക്ഷയ്ക്കും ജീവനും ഭീഷണിയുള്ളതിനാൽ വിവരങ്ങൾ നൽകാനാകില്ലെന്നാണ് വിവരാവകാശ പ്രകാരം ആർബിഐയുടെ മറുപടി. എന്നാൽ ആരുടെ ജീവനാണ് ഭീഷണിയെന്ന് വ്യക്തമാക്കാൻ ആർബിഐ തയ്യാറായിട്ടില്ല.
കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം നവംബർ എട്ടിന് യോഗം ചേർന്നാണ് നോട്ടസാധുവാക്കൽ തീരുമാനം എടുത്തതെന്ന് റിസർവ് ബാങ്ക് അറിയിച്ചിരുന്നു. ഈ തീരുമാനങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷയാണ് ആർബിഐ നിരസിച്ചത്. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ആർബിഐയ്ക്ക് നൽകിയ നിർദ്ദേശത്തിന്‍റെ പകർപ്പും നോട്ട് നിരോധനം നടപ്പാക്കിയതിന്‍റെ നിയമവശവുമാണ് വിവരാകാശ പ്രകാരം ചോദിച്ചത്. എന്നാൽ രാജ്യസുരക്ഷയ്ക്കും ജീവനും ഭീഷണിയായതിനാൽ വിവരങ്ങൾ നൽകാനാവില്ലെന്നാണ് ആർബിഐ നിലപാട്.
ആർടിഐ നിയമം 8(1)A പ്രകാരമാണ് അപേക്ഷ നിരസിച്ചിരിക്കുന്നത്. ഇതനുസരിച്ച് വിവരം നൽകുന്നത് കുറ്റകൃത്യത്തിന് പ്രേരണ നൽകുന്നതിന് തുല്യമാണ്. നോട്ടസാധുവാക്കൽ വിവരം പുറത്തുവിടുന്നത് ഏത് കുറ്റകൃത്യത്തിനാണ് പ്രേരണ നൽകുന്നതെന്നും വ്യക്തമാകാത്ത സാഹചര്യത്തിൽ വിവരാവകാശ കമ്മീഷണറെ സമീപിക്കാനാണ് വിവരാവകാശ പ്രവർത്തകരുടെ തീരുമാനം.
