ന്യൂഡല്‍ഹി: വായ്പയെടുത്ത് വന്‍ബാധ്യത വരുത്തിയ 40 കമ്പനികളുടെ പേര് വിവരങ്ങള്‍ അടങ്ങിയ രണ്ടാമത്തെ പട്ടിക റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിടുന്നതായി റിപ്പോര്‍ട്ട്. ഇക്കണോമിക്ക് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വീഡിയോകോണ്‍, കാസ്‌ടെക്‌സ് ടെക്‌നോളജീസ്, വിസ സ്റ്റീല്‍, ജെഎസ്പിഎല്‍ തുടങ്ങിയ കമ്പനികളാണ് ബാങ്കുകള്‍ക്ക് വന്‍ ബാധ്യത വരുത്തിയ ഈ പട്ടികയിലുള്ളതെന്നാണ് വിവരം. സെപ്റ്റംബറിലാകും കമ്പനികളുടെ പേര് വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുക.

ഇന്‍ഫ്ര, പവര്‍ സെക്ടറുകളിലുള്ളവയാണ് പട്ടികയിലുള്ള കമ്പനികളില്‍ ഭൂരിഭാഗവും. വാര്‍ത്തകള്‍ പുറത്തുവന്നതോടെ വീഡിയോകോണിന്റെ ഉള്‍പ്പെടെ പല കമ്പനികളുടെയും ഓഹരി വില ഇടിഞ്ഞു. വീഡിയോകോണ്‍ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞ് 18.35 രൂപയായി. കഴിഞ്ഞ മൂന്ന് മാസംകൊണ്ട് കമ്പനിയുടെ വിപണിമൂല്യം 60 ശതമാനമാണ് താഴെപ്പോയത്. വിസ സ്റ്റീലിന്റെ ഓഹരി വില 1.24 ശതമാനം ഇടിഞ്ഞ് 19.90 നിലവാരത്തിലെത്തി. മൂന്ന് മാസത്തിനിടെ 26 ശതമാനവും ആറ് മാസത്തിനിടെ 60 ശതമാനവുമാണ് വിസയുടെ ഓഹരി വില ഇടിഞ്ഞത്. സ്റ്റീല്‍ ഓഹരിയായ ജെഎസ്പിഎലിന്റെ വില 2.5ശതമാനമിടിഞ്ഞ് 132.45 രൂപയായി. കഴിഞ്ഞ മൂന്ന് മാസംകൊണ്ട് പത്ത് ശതമാനം നേട്ടമുണ്ടാക്കിയ ശേഷമാണ് ഓഹരിയുടെ വിലതകര്‍ച്ച.

രാജ്യത്തെ ബാങ്കുകള്‍ക്ക് 8 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായുള്ളത്. 3,000 കോടി രൂപമുതല്‍ 50,000 കോടി രൂപവരെയാണ് ഈ കമ്പനികള്‍ വരുത്തിയിട്ടുള്ള ബാധ്യത.