മുംബൈ: നാലു മാസം നീണ്ട പണ നിയന്ത്രണങ്ങള്‍ ആര്‍ബിഐ നീക്കി. ഇന്നു മുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം ഉപാധികള്‍ കൂടാതെ പിന്‍ വലിക്കാം. പ്രതിദിനം പിന്‍വലിക്കാവുന്ന തുക 2,500 ല്‍ നിന്നും ആദ്യം 4,500 ആയും പിന്നീട് 10,000 മായും നിശ്ചയിച്ച പരിധികളാണ് ഇല്ലാതാകുന്നത്. 

അതേസമയം പിന്‍ വലിക്കാവുന്ന പരിധി സംബന്ധിച്ച തീരുമാനം ബാങ്കുകള്‍ക്ക് എടുക്കാമെന്നും ആര്‍ബിഐ പറഞ്ഞു. സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക ആഴ്ചയില്‍ 24,000 എന്നത് കഴിഞ്ഞ മാസം 20 ന് 50,000 മാക്കി ഉയര്‍ത്തിയിരുന്നു. ഈ പരിധിയും ഇല്ലാതാകും. ഇതിനൊപ്പം കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ക്കും നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണവും ഇല്ലാതാകും.

പണ നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുമെന്ന് നേരത്തേ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസത്തെ പണവായ്പാ അവലോകനത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. 

കഴിഞ്ഞ നവംബര്‍ 8 നായിരുന്നു 1000 ന്റെയും 500 ന്റെയും പഴയ നോട്ടുകള്‍ നിരോധിച്ചു കൊണ്ട് കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നത്. പിന്‍ വലിച്ചതിന് ആനുപാതികമായി നോട്ടുകള്‍ കൊണ്ടുവരുന്ന സമയം വരെ പണനിയന്ത്രണം നടപ്പാക്കുകയും ചെയ്തിരുന്നു.