രാജ്യത്തെ മൊത്തം ബാങ്കുകളുടെ കിട്ടാക്കടം എട്ട് ലക്ഷം കോടി രൂപ. ഇതില്‍ 25 ശതമാനവും 12 ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണെന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തി. എന്നാല്‍ ആരൊക്കെയാണ് കടം വരുത്തിവച്ചതെന്ന് വ്യക്തമാക്കാന്‍ ആര്‍.ബി.ഐ തയ്യാറായിട്ടില്ല.

ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകിടം മറിക്കുമെന്നായ ഘട്ടമെത്തിയപ്പോഴാണ് കിട്ടാക്കടം വരുത്തിവെച്ചവരുടെ എണ്ണം വെളിപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്. ഇതനുസരിച്ച് 12 പേരാണ് 2.5 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം വരുത്തിവെച്ചിരിക്കുന്നത്. കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. എന്നാല്‍ ബാങ്കുകളുടെ കിട്ടാക്കടം രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി കഴിഞ്ഞ ദിവസം പറഞ്ഞു. വായ്പ തിരിച്ചടക്കാത്തവരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും ജെയ്റ്റ്‍ലി പറഞ്ഞിരുന്നു. 

ഇതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് പുതിയ നടപടി സ്വീകരിച്ചത്. ബാങ്കിങ് റെഗുലേഷന്‍ ഓര്‍ഡിനന്‍സില്‍ കിട്ടാക്കടം പിടിച്ചെടുക്കാന്‍ ശക്തമായ വ്യവസ്ഥകളുണ്ട്. ബാങ്കുകള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ പണം തിരിച്ചുപിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ റിസര്‍വ് ബാങ്ക് നേരിട്ട് ഇടപെടുമെന്നാണ് കരുതുന്നത്. വന്‍കിടക്കാരുടെ പേരുകള്‍ ആര്‍.ബി.ഐ വെളിപ്പെടുത്തിയില്ലെങ്കിലും ഭൂഷണ്‍ സ്റ്റീല്‍, എസ്സാര്‍ സ്റ്റീന്‍, ലാന്‍കോ തുടങ്ങിയവയാണ് വായ്പയെടുത്ത് മുങ്ങിയ മുന്‍നിരക്കാരെന്നാണ് സൂചന.