റിസര്‍വ് ബാങ്ക് വായ്പ നയം നാളെ പ്രഖ്യാപിക്കും. പണപ്പെരുപ്പം കാര്യമായ തോതില്‍ കുറയാത്തതിനാല്‍ പലിശ നിരക്കില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ വിപണിയില്‍ പണലഭ്യത കൂട്ടാനുള്ള നടപടികള്‍ ആര്‍ബിഐ പ്രഖ്യാപിച്ചേക്കും.

റിസര്‍വ് ബാങ്കിന്റെ ഈ വര്‍ഷത്തെ അവസാന പണനയമാണ് നാളെ പ്രഖ്യാപിക്കാന്‍ പോകുന്നത്. പക്ഷേ പലിശ നിരക്കില്‍ ഇളവുണ്ടാകാന്‍ സാധ്യതയില്ല. പണപ്പെരുപ്പം പ്രതീക്ഷിച്ച നിരക്കില്‍ കുറയാത്തതാണ് കാരണം. പലിശ നിരക്ക് നിശ്ചയിക്കാനായി അവലോകന സമിതി ഇന്നും നാളെയും യോഗം ചേരുന്നുണ്ട്. രാജ്യത്തെ വളര്‍ച്ച ശക്തിപ്പെടുത്തുന്നതിനായി വായ്പാ നിരക്ക് കുറയ്‌ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം. എന്നാല്‍ പണപ്പെരുപ്പം ഏഴു മാസത്തെ ഉയരത്തില്‍ നില്‍ക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യത്തിന് റിസര്‍വ് ബാങ്കിന്റെ അവലോകന സമിതി യോഗത്തില്‍ സ്വീകാര്യത കിട്ടാനിടയില്ല. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്നതും പ്രതിസന്ധി സൃഷ്‌ടിക്കുന്നു.

എണ്ണവാങ്ങാന്‍ കൂടുതല്‍ ഡോളര്‍ ചിലവാക്കേണ്ടി വരുന്നതും നാണ്യപ്പെരുപ്പത്തെ ബാധിക്കും. അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഈ മാസം പലിശ നിരക്കില്‍ മാറ്റം വരുത്താനൊരുങ്ങുന്നതും ആര്‍.ബി.ഐ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നുണ്ട്. ഒക്ടോബറില്‍ ചേര്‍ന്ന കഴിഞ്ഞ അവലോകന യോഗത്തിലും പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിരുന്നില്ല. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് നിലവില്‍ ആറ് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവുമാണ്. നോട്ട് അസാധുവാക്കല്‍ ഒരു വര്‍ഷം പിന്നിട്ടതിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ കൂടുതല്‍ പണലഭ്യത ഉറപ്പുവരുത്തി വളര്‍ച്ച ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ധനനയ സമിതി കൈക്കൊള്ളും. നാളെ ഉച്ചയ്‌ക്ക് ശേഷം 2.30ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ പുതിയ പണനയം പ്രഖ്യാപിക്കും.