മുംബൈ: എ.ടി.എം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ ശക്തമാക്കുന്നു. ബാങ്കുകളിലെ സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ വിവിധ രംഗങ്ങളിലെ വിദഗ്ദരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതിക്ക് രൂപം നല്‍കാന്‍ ബുധനാഴ്ച നടന്ന യോഗത്തില്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. സൈബര്‍ ആക്രമണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കുമുള്ള സാധ്യത കണ്ടെത്തുകയും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരിക്കും സമിതിയുടെ ഉത്തരവാദിത്തം.

ബാങ്കുകള്‍ സ്വന്തം നിലയ്ക്ക് സൈബര്‍ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും സമീപ കാലത്ത് വിവിധ തലങ്ങളിലുണ്ടായ വ്യാപക ആക്രമണങ്ങള്‍, ഇക്കാര്യത്തില്‍ കൂടുതല്‍ മേല്‍നോട്ടവും പരിശോധനയും ആവശ്യമാണെന്ന് തെളിയിക്കുന്നുവെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ആര്‍.ബി.ഐ വ്യക്തമാക്കുന്നു. ഇപ്പോള്‍ ബാങ്കുകള്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളിലുള്ള സുരക്ഷാ വീഴ്ചകള്‍ സമിതി കണ്ടെത്തും. ഇതിന് പുറമെ ഈ രംഗത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകളും സാങ്കേതിക സംവിധാനങ്ങളും സമിതി നിര്‍ദ്ദേശിക്കും.