ദില്ലി: നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ജനുവരി മുതല്‍ ഇളവുണ്ടായേക്കും. നിലവില്‍ എടിഎമ്മുകളില്‍ നിന്ന് പ്രതിദിനം 2,500 രൂപയും അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ പരമാവധി 24,000 രൂപയും 
പിന്‍വലിക്കാനാണ് അനുമതിയുള്ളത്. 

എടിഎമ്മില്‍ നിന്ന് ദിവസത്തില്‍ പിന്‍വലിക്കാവുന്ന തുക 4,000വും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 40,000വും ആക്കുമെന്നാന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കാരിനോട് അഭിപ്രായം തേടിയെന്നാണ് അറിയുന്നത്.  ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാക്കാനാകാത്ത സാഹചര്യത്തില്‍ നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കാന്‍ കഴിയില്ല എന്നതിനാലാണ് റിസര്‍വ് ബാങ്ക് പിന്‍വലിക്കല്‍ പരിധി ഉയര്‍ത്താന്‍ ആലോചിക്കുന്നത്.  

അസാധുവായ നോട്ടുകളുടെ 90 ശതമാനവും തിരികെയെത്തിയെങ്കിലും ഇതിന് ആനുപാതികമായി കറന്‍സി തിരികെയെത്തിക്കാന്‍ റിസര്‍വ് ബാങ്കിനായിട്ടില്ല. പരമാവധി നോട്ടുകള്‍ അച്ചടിക്കാനുള്ള പ്രയത്നത്തിലാണ് റിസര്‍വ് ബാങ്ക് പ്രസുകള്‍. കൂടുതല്‍ 500 രൂപ നോട്ടുകള്‍ എത്തിക്കാനായി 500 രൂപ നോട്ടുകളുടെ പ്രിന്റിംഗ് മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ചിരുന്നു.

നാളെ അസാദുവാക്കിയ നോട്ടുകള്‍ ബാങ്കില്‍ സ്വീകരിക്കുന്നതിനുള്ള സമയം അനസാനിക്കും. ഇതാണ് പുതിയ നീക്കത്തിന് കാരണം. പുതുവത്സരത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തുന്ന പ്രസംഗത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.