ഇന്ത്യയുടെ ടെലികോം രംഗത്തെ ഇപ്പോഴത്തെ ആകെ വരുമാനമായ മൂന്ന് ട്രില്യന്‍ രൂപയെന്നതില്‍ 2021 ആവുമ്പോള്‍ 50 ശതമാനം കൂടി വര്‍ദ്ധിക്കുമെന്നും ജിയോ കണക്കുകൂട്ടുന്നു. ഡേറ്റാ ഉപയോഗത്തില്‍ വരും കാലത്തുണ്ടാവാന്‍ സാധ്യതയുള്ള വന്‍ വര്‍ദ്ധനവാണ് ഇത്ര വലിയ വളര്‍ച്ച ഈ രംഗത്ത് ഉണ്ടാകുമെന്ന കണക്കുകൂട്ടലിന് അടിസ്ഥാനം. അതേസമയം തന്നെ വോയ്സ് കോളുകളിലൂടെ രാജ്യത്തെ ടെലികോം മേഖല ഇപ്പോള്‍ നേടുന്ന 1.5 ട്രില്യന്‍ രൂപയെന്ന ആകെ വരുമാനം മൂന്നിലെന്നായി കുറഞ്ഞ് 0.5 ട്രില്യനിലെത്തുമെന്നും കരുതപ്പെടുന്നു. രാജ്യത്തെ വികസന സൂചിക കണക്കാക്കുമ്പോള്‍ 400 മില്യന്‍ ആളുകള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ക്കായി പരമാവധി പ്രതിമാസം 500 രൂപ വരെ ചിലവഴിക്കാന്‍ കഴിയും. ഇപ്പോള്‍ വോയ്സ് കോളുകളില്‍ നിന്ന് കമ്പനികള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വരുമാനം ഇനി ഡേറ്റാ ഉപയോഗത്തില്‍ നിന്നായിരിക്കും കിട്ടുക.

മൊബൈല്‍ ഫോണുകളുടെ സ്ക്രീന്‍ വലിപ്പത്തില്‍ വരുന്ന വര്‍ദ്ധനവ്, ചിത്രങ്ങളുടെ റെസലൂഷന്‍, ഡേറ്റാ വേഗത, വ്യക്തികള്‍ ഇന്റര്‍നെറ്റില്‍ ചിലവാക്കുന്ന സമയത്തിലുള്ള വര്‍ദ്ധനവ് തുടങ്ങിയവ ഡേറ്റാ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ പ്രധാന കാരണമാണ്. എല്ലാ സോണുകളിലും ഒരു ഉപഭോക്താവിന് പ്രതിമാസം 10 ജി.ബി എന്ന തരത്തില്‍ വരും കാലത്ത് ഡേറ്റ ആവശ്യമായി വരും. ഇന്ത്യയിലെ ഇപ്പോഴത്തെ മൊബൈല്‍ ഡേറ്റാ ഉപയോഗത്തിന്റെ 80 ശതമാനവും തങ്ങളിലൂടെയാണെന്ന് അവകാശപ്പെടുന്ന ജിയോ, 2020-21ഓടെ ഇത് 60 ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം മന്ദതയിലായിരുന്ന ടെലികോം രംഗം ഡേറ്റാ വിസ്ഫോടനത്തോടെ വരുന്ന അഞ്ച് വര്‍ഷം വന്‍ വളര്‍ച്ച നേടുമെന്നാണ് ജിയോയുടെ കണക്കുകൂട്ടല്‍. ഇത് കണക്കാക്കിയുള്ള പദ്ധതികളാണ് ജിയോ ആസൂത്രണം ചെയ്യുന്നത്