മുംബൈ:വ്യാവസായിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി 18 മാസം തികയും മുന്‍പേ ലാഭം നേടി റിലയന്‍സ് ജിയോ ചരിത്രം സൃഷ്ടിച്ചു. ധനകാര്യവര്‍ഷത്തിന്‍റെ മൂന്നാം പാദത്തിലാണ് റിലയന്‍സ് ജിയോ ലാഭത്തിലെത്തിയത്. സെപ്തംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 271 കോടി നഷ്ടത്തിലായിരുന്ന ജിയോ ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 504 കോടി രൂപയാണ് ലാഭമായി നേടിയത്.മാര്‍ച്ച് 31- ന് അവസാനിക്കുന്ന നാലാം പദത്തില്‍ കന്പനിയുടെ ലാഭവിഹിതം ഇനിയും വര്‍ധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2017- ഡിസംബര്‍ 31-ലെ കണക്കനുസരിച്ച് രാജ്യത്തെ 16 കോടിയിലേറെ ആളുകള്‍ റിലയന്‍സ് ജിയോയുടെ ഉപഭോക്താകളാണ്. 431 കോടി ജിബി ഡാറ്റയാണ് ഒക്ടോബര്‍,നവംബര്‍,ഡിസംബര്‍ മാസത്തിലായി ജിയോ ഉപഭോക്താകള്‍ ഉപയോഗിച്ചത്. 31,113 കോടി മിനിറ്റാണ് ഇവര്‍ ജിയോയിലൂടെ സംസാരിച്ചത്. ഒരു ഉപഭോക്താവില്‍ നിന്ന് പ്രതിമാസം 154 രൂപ വീതം വരുമാനമുണ്ടാക്കാന്‍ ജിയോക്ക് സാധിക്കുന്നുണ്ടെന്നാണ് കണക്ക്. 

അതേസമയം ജിയോ ഉയര്‍ത്തിയ കടുത്ത മത്സരത്തെ തുടര്‍ന്ന് എതിരാളികളായ ഭാരതി എയര്‍ടെല്ലിന്‍റെ ലാഭവിഹിതത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തി. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 306 കോടി രൂപയാണ് എയര്‍ടെല്ലിന്‍റെ ലാഭം. പോയ വര്‍ഷം ഇതേസമയം നേടിയതിലും 39 ശതമാനം കുറവാണ് ഇത്. 

ജിയോയുടേയും പെട്രോളിയം-കെമിക്കല്‍ വ്യവസായത്തില്‍ നിന്നും ഉള്ള ലാഭത്തിന്‍റെ ബലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ മൂന്നാം പാദത്തിലെ പ്രവര്‍ത്തനലാഭം 8454 കോടിയായി ഉയര്‍ന്നു പോയ വര്‍ഷം ഇതേസമയം ഇത് 8022 കോടിയായിരുന്നു.