റിലയന്‍സ് ലൈഫിന്റെ ഒരു ഉപഭോക്താവാണ് ഫോണിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. കത്തിക്കരിഞ്ഞ ഫോണിന്റെ ചിത്രവും ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജിയോ 4ജി സേവനങ്ങള്‍ കുറഞ്ഞ ചിലവില്‍ ലഭ്യമാക്കാന്‍ മാസങ്ങള്‍ക്ക് മുമ്പാണ് ലൈഫ് ഫോണുകള്‍ റിലയന്‍സ് വിപണിയിലെത്തിച്ചത്. 4ജി വോയ്സ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാവുന്ന ഏറ്റവും വിലകുറഞ്ഞ ഫോണുകളിലൊന്നായി മാറിയിരിക്കുകയാണ് ലൈഫ്. മികച്ച നിലവാരത്തിലാണ് ഫോണുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ അവ പൊട്ടിത്തെറിക്കാന്‍ സാധ്യതയില്ലെന്നുമാണ് ലൈഫ് അധികൃതരുടെ നിലപാട്. പൊട്ടിത്തെറിച്ചെന്ന പരാതിയെ തുടര്‍ന്ന് ലൈഫ് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങിന്റെ ഗ്യാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണുകള്‍ നേരത്തെ പൊട്ടിത്തെറിച്ചത് വിപണിയില്‍ വന്‍ ചലനമാണ് ഉണ്ടാക്കിയത്. ബാറ്ററിയുടെ തകരാറ് പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് എല്ലാ ഫോണുകളും പിന്‍വലിക്കേണ്ടി വന്നു. നോട്ട് 7ന്റെ നിര്‍മ്മാണവും വില്‍പ്പനയും സാംസങിന് നിര്‍ത്തിവെയ്ക്കേണ്ടി വന്നു. ദശ കോടികളുടെ നഷ്ടമാണ് ഇതിലൂടെ സാംസങിനുണ്ടായത്. ബാറ്ററിയുടെ സമാനമായ തകരാറാണോ ലൈഫ് ഫോണിന്റെയും പൊട്ടിത്തെറിക്ക് കാരണമെന്ന് വ്യക്തമല്ല.