മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഇനി ഇ - കൊമേഴ്സിലേക്ക്

മുംബൈ: ചൈനീസ് ഇ - കൊമേഴ്സ് ഭീമന്മാരായ ആലിബാബയുടെ മാതൃകയില്‍ റിലയന്‍സ്, ഇന്ത്യന്‍ ഇ - കൊമേഴ്സ് മേഖല കീഴടക്കാനെത്തുന്നു. റിലയന്‍സിന്‍റെ ഇ - കൊമേഴ്സ് പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഇന്ത്യന്‍ ഓണ്‍ലൈന്‍ ചില്ലറ വില്‍പ്പന രംഗത്ത് മത്സരം കടുക്കും. ഓണ്‍ലൈനിലെയും ഓഫ്‍ലൈനിലെയും മികച്ച ഷേപ്പിങ് അനുഭവങ്ങള്‍ സംയോജിപ്പിച്ചു കൊണ്ടുളള ഇ- കൊമേഴ്സ് സംരംഭമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജിയോ പോലെ വന്‍ ഓഫറുകളോടെയാവും ഇ - കൊമേഴ്സ് രംഗത്തെ റിലയന്‍സിന്‍റെ കടന്ന് വരവെന്ന് സൂചനയുണ്ട്.

പ്രാദേശിക വ്യാപാരികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഓണ്‍ലൈന്‍ ടു ഓഫ്‍ലൈന്‍ (O2O) മാതൃകയിലാവും പദ്ധതി നടപ്പാക്കുക. ചൈനീസ് ഇ - കൊമേഴ്സ് ഭീമന്മാരായ ആലിബാബയുടെ വിജയമാതൃകയാണിത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ (ആര്‍ഐഎല്‍) ഉപഭോക്തൃ കേന്ദ്രീകൃത യൂണിറ്റുകളായ റിലയന്‍സ് ജിയോ ഇന്‍ഫൊകോം ലിമിറ്റഡ്, റിലയന്‍സ് റീട്ടെയ്ല്‍ ലിമിറ്റഡ് എന്നിവയിലൂടെയാവും പദ്ധതി നടപ്പാക്കുക. 

അടുത്ത 10 വര്‍ഷത്തിനുളളില്‍ ഗ്രൂപ്പിന്‍റെ മൊത്തവരുമാനത്തിന്‍റെ പകുതി ഉപഭോക്തൃ ബിസിനസില്‍ നിന്നും സ്വരൂപിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. നിലവില്‍ ഗ്രൂപ്പിന്‍റെ 80 ശതമാനം വില്‍പ്പനയും വരുന്നത് പരമ്പരാഗത എണ്ണ, പ്രകൃതി വാതക ബിസിനസുകളില്‍ നിന്നാണ്. ഇതില്‍ ഇ - കൊമേഴ്സില്‍ നിന്ന് റിലയന്‍സ് ലക്ഷ്യമിടുന്ന വളര്‍ച്ച എത്രമാത്രം വലുതാണെന്ന് ഊഹിക്കാവുന്നതേയൊള്ളൂ.