പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. ഇപ്പോള്‍ നിലവിലുള്ള പോലെ റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്‍സ് റിപ്പോ നിരക്ക് 5.75 ശതമാനമായും തുടരും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 6.9 ശതമാനമായി കുറയുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 7.1 ശതമാനം വളര്‍ച്ചയായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാന വായ്പ നയമാണ് ഇന്ന് പ്രഖ്യാപിച്ചത്. നോട്ട് അസാധുവാക്കലിന് ശേഷമുള്ള സാമ്പത്തിക വളര്‍ച്ചയിലെ ഇടിവ് മറികടക്കാന്‍ പലിശ നിരക്കില്‍ നേരിയ ഇളവ് വരുത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. വന്‍തോതിലുള്ള നിക്ഷേപം കണക്കിലെടുത്ത് ബാങ്കുകള്‍ ഇതിനകം പലിശ നിരക്കില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പലിശ നിരക്കില്‍ ഇളവ് പ്രഖ്യാപിക്കുന്നത് ആര്‍.ബി.ഐ മാറ്റിവെച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.