ദില്ലി: പ്രധാന നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ, സിആര്‍ആര്‍ നിരക്കുകള്‍ അതേ പടി തുടരും. ബാങ്ക് പലിശ നിരക്കുകളില്‍ തത്കാലം മാറ്റം വരില്ല. നാണയപ്പെരുപ്പം നേരിയ തോതില്‍ ഉയര്‍ന്നേക്കാമെന്നും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അടുത്തവര്‍ഷം 7.6 ശതമാനമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും വായ്‌പാനയ അവലോകനത്തില്‍ പറഞ്ഞു.

ഏപ്രിലില്‍ 5.39 ശതമാനമായിരുന്നു നാണയപ്പെരുപ്പ തോത്. ഇന്ധന വില കൂടുന്ന സാഹചര്യത്തില്‍ നാണയപ്പെരുപ്പം ഇനിയും കൂടിയേക്കാം. അതിനാല്‍ കാലവര്‍ഷം കൂടി മെച്ചപ്പെടുമോ എന്നു വിലയിരുത്തിയ ശേഷം നിരക്കുകളില്‍ മാറ്റം വരുത്തിയാല്‍ മതിയെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് തനിക്ക് ഒരു വട്ടം കൂടി കാലവധി നീട്ടുന്ന കാര്യം കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് രഘുരാം രാജന്‍ വായ്‌പാ നയ അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറ‌ഞ്ഞു. സെപ്റ്റംബറില്‍ കാലവധി പൂര്‍ത്തിയാക്കുന്ന രഘുറാം രാജനെ ഒരു തവണ കൂടി പദവിയില്‍ തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമോ എന്ന സംശയം ശക്തമായ സാഹചര്യത്തിലാണ് രഘുരാം രാജന്‍ ഇക്കാര്യം വിശദീകരിച്ചത്.

കേന്ദ്ര ധന മന്ത്രാലയത്തിനും ബിജെപിയുടെ ചില പ്രമുഖ നേതാക്കള്‍ക്കും രഘുറാം രാജന് കാലാവധി നീട്ടി നല്‍കുന്നതിനോട് യോജിപ്പില്ലെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ രഘുറാം രാജന്റെ ആദ്യ പരസ്യ പ്രതികരണമാണ് ഇന്ന് പുറത്തുവന്നത്. രഘുറാം രാജന് കാലവധി നീട്ടി നല്‍കുന്ന കാര്യം തീരുമാനിക്കാന്‍ സെപറ്റംബര്‍ വരെ സമയമുണ്ടല്ലോ എന്നായിരുന്നു രാജ്യാന്തര ധനകാര്യ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.