കഴിഞ്ഞ അഞ്ച് മാസത്തിനിടെ നടന്ന രണ്ട് പണ അവലോകന യോഗത്തിലും റിസര്‍വ് ബാങ്ക് പലിശാ നിരക്കുകള്‍ 25 ബോസിസ് പോയിന്‍റ്സ് വീതം (കാല്‍ ശതമാനം) വര്‍ദ്ധിപ്പിച്ചിരുന്നു.

ദില്ലി: റിപ്പോ -റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണ നയഅവലോകന യോഗം സമാപിച്ചു. റിപ്പോ നിരക്കുകള്‍ 6.50 ല്‍ തന്നെ നിലനിര്‍ത്താനും റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിര്‍ത്താനുമാണ് റിസര്‍വ് ബാങ്ക് കൈക്കൊണ്ട തീരുമാനം. 

കഴിഞ്ഞ അഞ്ച് മാസത്തിനിടെ നടന്ന രണ്ട് പണ അവലോകന യോഗത്തിലും റിസര്‍വ് ബാങ്ക് പലിശാ നിരക്കുകള്‍ 25 ബോസിസ് പോയിന്‍റ്സ് വീതം (കാല്‍ ശതമാനം) വര്‍ദ്ധിപ്പിച്ചിരുന്നു. ജൂണിലായിരുന്നു ആദ്യ വര്‍ദ്ധന, പിന്നാലെ ആഗസ്റ്റിലും റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു.

ഓഗസ്റ്റിലെ പണപ്പെരുപ്പം നിയന്ത്രണ വിധേയമായി നില്‍ക്കുന്നതിനാലാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നതെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ പക്ഷം. ഓഗസ്റ്റിലെ പണപ്പെരുപ്പത്തോത് 3.69 ശതമാനമാണ്.

റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന പണത്തിന്റെ പലിശയാണ് റിവേഴ്സ് റിപ്പോ. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്നത് കൊണ്ടും രൂപയുടെ മൂല്യത്തകര്‍ച്ച 73 ന് മുകളിലെത്തി നില്‍ക്കുന്നതിനാലും പണപ്പെരുപ്പത്തെ പ്രതിരോധിക്കാന്‍ റിപ്പോ -റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനത്തിന്‍റെ വര്‍ദ്ധന സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നു.