ആഘോഷ സീസണുകളൊന്നും അല്ലെങ്കില്‍ പോലും രാജ്യത്തെ മിക്കവാറും നഗരങ്ങളിലെല്ലാം ഗൃഹോപകരണങ്ങളുടെ വന്‍ ഡിസ്കൗണ്ട് മേളകള്‍ നടക്കുകയാണ്. കടകള്‍ക്ക് പുറമേ ഇ-കൊമേഴ്സ്സ് വെബ്സൈറ്റുകളിലും വിലകുറച്ചുള്ള കച്ചവടം പൊടിപൊടിക്കുകയാണ്. ജൂലൈ ആദ്യം മുതല്‍ ചരക്ക് സേവന നികുതി നടപ്പാക്കി തുടങ്ങുമെന്ന് ഉറപ്പായതോടെ അതിന് മുമ്പുള്ള സ്റ്റോക്ക് വിറ്റ് തീര്‍ക്കാനാണ് വ്യാപാരികളുടെ ശ്രമം. വ്യാപാര സ്താപനങ്ങള്‍ക്ക് പുറമേ പ്രമുഖ ബ്രാന്റുകളെല്ലാം സ്വന്തം നിലയ്ക്ക് ഡിസ്കൗണ്ടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ടെലിവിഷന്‍, റഫ്രിജറേറ്റര്‍, എ.സി, വാഷിങ് മെഷീന്‍ തുടങ്ങിയവയ്ക്കാണ് നിലവില്‍ വലിയ ഡിസ്കൗണ്ട് നല്‍കി വില്‍ക്കുന്നത്. ആമസോണ്‍, ഫ്ലിപ്‍കാര്‍ട്ട്, പേടിഎം തുടങ്ങിയ ഇ-കൊമേഴ്സ് പോര്‍ട്ടലുകളിലെല്ലാം ഈ മാസം 40 ശതമാനം വരെ ഡിസ്കൗണ്ടാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്നത്. നേരത്തെ 23 ശതമാനം നികുതി ഈടാക്കിയിരുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ജി.എസ്.ടി പ്രാബല്യത്തില്‍ വരുന്നതോടെ 28 ശതമാനം നികുതി ഈടാക്കി തുടങ്ങും. മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വില വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതുകൊണ്ടു തന്നെ പഴയ ഉല്‍പ്പന്നങ്ങള്‍ മുഴുവനായി വിറ്റഴിക്കാനാണ് ശ്രമം. മേയ് മാസത്തിന് മുമ്പ് കടകളിലെത്തിയ ഉല്‍പ്പന്നങ്ങള്‍ ജൂലൈ ഒന്നിന് മുമ്പ് വിറ്റ് കഴിഞ്ഞില്ലെങ്കില്‍ വ്യാപാരികള്‍ക്ക് ഏകദേശം ആറ് ശതമാനംത്തോളം നഷ്ടമുണ്ടാകും. ഒരു വര്‍ഷത്തിന് മുകളില്‍ കടകളില്‍ കെട്ടിക്കിടക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഏകദേശം 14 ശതമാനത്തിന്റെ നഷ്ടവുമുണ്ടാക്കും. ഈ സാഹചര്യത്തില്‍ പരമാവധി വില കുറച്ച് ഇവ വിറ്റുതീര്‍ക്കാനാണ് കമ്പനികളുടെയും വ്യാപാരികളുടെയും തീരുമാനം
