തരിശിട്ടിരുന്ന കൃഷിയോഗ്യമായ 90,000 ഹെക്ടറില്‍ 39,000 ഏക്കറില്‍ ഈ വര്‍ഷം നെല്‍കൃഷിയിറക്കാന്‍ കേരളത്തിനായി

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണത്തിന് ചേറുവെയ്ക്കാന്‍ മലയാളിക്ക് സ്വന്തം നാട്ടില്‍ വിളയിച്ച അരിയുടെ കാര്യത്തില്‍ പിശുക്ക് വേണ്ട. 2017- 18 സാമ്പത്തിക വര്‍ഷത്തില്‍ നെല്‍കൃഷി വ്യാപനത്തിലും അരി ഉല്‍പാദനത്തിലും സംസ്ഥാനത്ത് വലിയ വര്‍ദ്ധനയാണുണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തെ അരി ഉല്‍പ്പാദനം 6,17,260 ടണ്ണിലെത്തി. ആകെ 2,20,499.375 ഹെക്ടറിലെ കൃഷിയിലൂടെയാണ് ഈ ഉയര്‍ന്ന നിലയിലുളള അരി ഉല്‍പ്പാദനം കേരളത്തിന് സാധ്യമായത്.

2016-17 ല്‍ 1.71 ലക്ഷം ഹെക്ടറില്‍ നിന്ന് 4.36 ലക്ഷം ടണ്‍ അരി ഉല്‍പ്പാദനം നടന്നപ്പോള്‍. 2015 -16 ല്‍ അത് 1.96 ലക്ഷം ഹെക്ടറില്‍ നിന്ന് 5.49 ലക്ഷം ടണ്ണായിരുന്നു ഉല്‍പ്പാദനം. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആറ് ലക്ഷം ടണ്ണിലേറെ അരി ഉല്‍പ്പാദനം സംസ്ഥാനത്തുണ്ടായത്. 

തരിശിട്ടിരുന്ന കൃഷിയോഗ്യമായ 90,000 ഹെക്ടറില്‍ 39,000 ഏക്കറില്‍ ഈ വര്‍ഷം നെല്‍കൃഷിയിറക്കാന്‍ കേരളത്തിനായി. കരകൃഷിയും തരിശുനില കൃഷിയും സജീവമായതാണ് നെല്ല് കൃഷിയില്‍ ഇത്രയധികം വര്‍ദ്ധന കൈവരിക്കാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കിയത്.

 കോട്ടയം ജില്ലയിലെ മെത്രാന്‍ കായല്‍, ആലപ്പുഴ ജില്ലയിലെ റാണിക്കായല്‍ പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്നിവടങ്ങളില്‍ നെല്‍ കൃഷി പുനരാരംഭിച്ചതാണ് ഉല്‍പ്പാദനം സംസ്ഥാനത്ത് വര്‍ദ്ധിക്കാനിടയാക്കിയ കാരണങ്ങള്‍. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് നെല്‍ കൃഷി മൂന്ന് ലക്ഷം ഹെക്ടറായി വര്‍ദ്ധിപ്പിക്കാന്‍ തീവ്ര ശ്രമത്തിലാണ് സംസ്ഥാന കൃഷി വകുപ്പ്. 

വന്‍കിട റൈസ് മില്ലുകളുടെ ചൂഷണത്തില്‍ പൊറുതിമുട്ടിയിരുന്ന മേഖലയെ രക്ഷിച്ചത് കേരളത്തില്‍ അടുത്തകാലത്ത് സജീവമായി പ്രവര്‍ത്തനം തുടങ്ങിയ മിനി റൈസ് മില്ലുകളും പ്രോസസിങ് യൂണിറ്റുകളുമാണ്. കേരളത്തിലിപ്പോള്‍ 417 മിനി റൈസ് മില്ലുകളും 17 പ്രോസസിങ് സെന്‍ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്.