ദില്ലി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കപ്പെട്ടതിന് ശേഷം, അത് ഉപയോഗിച്ച് സ്വര്‍ണം വാങ്ങിക്കൂട്ടിയതായി ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ 250 കോടി രൂപയുടെ അസാധു നോട്ടുകളാണ് സ്വര്‍ണമായി മാറിയത്. ദില്ലിയില്‍മാത്രമുള്ള കണക്കാണിത്. കരോള്‍ ബാഗ്, ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളിലെ നാലു സ്വര്‍ണ വ്യാപാരികളെ ചോദ്യം ചെയ്‌തതില്‍നിന്നാണ് ഈ വിവരം ആദായനികുതി വകുപ്പിന് ലഭിച്ചത്. നോട്ട് പിന്‍വലിക്കല്‍ തീരുമാനം വന്നശേഷം 250 കോടിയുടെ സ്വര്‍ണം, അസാധുനോട്ട് വാങ്ങി വിറ്റതായാണ് വിവരം. ഈ നാലു സ്വര്‍ണ വ്യാപാരികളുടെ 12 ഷോറൂമുകളില്‍ നടത്തിയ തെരച്ചലില്‍ ഇതുസംബന്ധിച്ച വിവരം ലഭ്യമായിട്ടുണ്ട്. ആദായനികുതി വകുപ്പിന് പുറമെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധനകള്‍ നടന്നത്. അതേസമയം ഈ സ്വര്‍ണം ആഭരണമായല്ല, സ്വര്‍ണക്കട്ടികളായാണ് വിറ്റതെന്നും വ്യാപാരികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.