ഇതാദ്യമായാണ് സ്വതന്ത്ര ഇന്ത്യയില്‍ ഒരു സംയോജിത വ്യോമയാന നയത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കുന്നത്. വിമാനയാത്ര സാധാരണക്കാര്‍ക്ക് അപ്രാപ്യമല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്ന് നയം പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അറിയിച്ചു. ഇപ്പോള്‍ വിമാനസര്‍വ്വീസില്ലാത്ത കൂടുതല്‍ റൂട്ടുകളില്‍ വിമാന സര്‍വ്വീസ് തുടങ്ങും. ഇതിനായി ചെറുകിട വിമാനത്താവളങ്ങള്‍ വികസിപ്പിക്കും. അടുത്ത മൂന്നു വര്‍ഷത്തില്‍ 50 വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കും. ഈ വിമാനത്താവളങ്ങളില്‍ വിമാനകമ്പനികള്‍ക്ക് ഇളവുകള്‍ നല്കും. ഒപ്പം പുതിയ വിമാനത്താവളങ്ങളില്‍ വിമാന ഇന്ധനത്തിന്റെ നികുതി ഒരു ശതമാനമായി ചുരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടും. ഇതുവഴി ഒരു മണിക്കൂര്‍ യാത്രയുടെ നിരക്ക് 2500 രൂപയില്‍ കൂടില്ല എന്ന് ഉറപ്പു വരുത്തും. വിദേശവിമാന സര്‍വ്വീസ് തുടങ്ങാന്‍ അഞ്ചു വര്‍ഷത്തെ ആഭ്യന്തര സര്‍വ്വീസ് നടത്തിയുള്ള പരിചയം വേണ്ട. ഇരുപത് വിമാനങ്ങളോ അല്ലെങ്കില്‍ ആകെയുള്ളതില്‍ 20 ശതമാനം ആഭ്യന്തര സര്‍വ്വീസുകള്‍ക്കോ മാറ്റി വച്ച കമ്പനികള്‍ക്ക് വിദേശ സര്‍വ്വീസ് നടത്താം. ഈ നയവും ഭാവിയില്‍ പുനപരിശോധിക്കും.

എയര്‍കേരളയ്ക്കുള്ള ഒരു തടസ്സം മാറിയെങ്കിലും 20 വിമാനങ്ങള്‍ എന്ന നിബന്ധന തുടരുന്നത് നിക്ഷേപചെലവ് കൂട്ടും. അപ്രധാന സുരക്ഷാ ജോലികള്‍ക്ക് സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളെ നിയോഗിക്കാം. ആഭ്യന്തര വിമാനകമ്പനികളുടെ ഗ്രൗണ്ട്ഹാന്‍ഡ്‌ലിംഗ് സ്വന്തം ജീവനക്കാരെ ഉപയോഗിച്ചു നടത്താം. അധികബാഗേജിനുള്ള നിരക്ക് കുറയ്ക്കാനും ടിക്കറ്റ് റദ്ദാക്കിയാല്‍ തുക മടക്കിനല്കാനുള്ള ചട്ടങ്ങള്‍ ലഘൂകരിക്കാനുള്ള നിര്‍ദ്ദേശങ്ങളും നയത്തിലുണ്ട്.