നിരോധിച്ച നോട്ടുകൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ നൽകിയ ഇളവ് സംസ്ഥാന സർക്കാർ ഉപയോഗപ്പെടുത്തിയത് ഭാഗികമായി മാത്രമെന്ന് വിവരാവകാശ രേഖ. നിശ്ചിത കാലത്തേക്ക് രജിസ്ട്രേഷൻ വകുപ്പിന് പഴയ നോട്ട് സ്വീകരിക്കാനുള്ള അനുമതി ധനവകുപ്പ് നിഷേധിച്ചതോടെ കോടികളുടെ നഷ്ടമാണ് സർക്കാർ ഖജനാവിന് ഉണ്ടായത്.

നോട്ട് നിരോധനത്തെ തുടർന്ന് ജനങ്ങളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് 2016 നവംബർ 10ന് കേന്ദ്രധനമന്ത്രാലയം ആശ്വാസ ഉത്തരവ് ഇറക്കിയത്. സർക്കാരിലേക്ക് ജനങ്ങൾ നൽകേണ്ട നികുതി, ഫീസ്, പിഴ, വിവിധ തരം ചാർജ്ജുകൾ എന്നിവയ്ക്കായി 2016 നവംബർ 24 വരെ പഴയ നോട്ടുകൾ സ്വീകരിക്കാമെന്ന് നിർദ്ദേശിച്ച് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രസർക്കാർ ഉത്തരവ് നല്‍കി. എന്നാൽ സംസ്ഥാനത്ത് ബി.എസ്.എൻ.എൽ, കെ.എസ്.ആ‌ർ.ടി.സി, കെ.എസ്.ഇ.ബി, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകൾ ഉത്തരവ് നടപ്പിലാക്കിയപ്പോൾ രജിസ്ട്രേഷൻ വകുപ്പ് ഈ ആനുകൂല്യം ഉപയോഗിച്ചില്ല. രജിസ്ട്രേഷൻ വകുപ്പിന് ധനവകുപ്പ് രേഖാമൂലം നിർദ്ദേശമോ, ഉത്തരവോ ലഭിക്കാത്തതാണ് ഇതിന് കാരണമെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. പഴയ നോട്ടുകൾ സ്വീകരിക്കുന്നതിന് രജിസ്ട്രേഷൻ വകുപ്പിന് അനുമതി നിഷേധിച്ചതോടെ ഭൂമി രജിസ്ട്രേഷൻ വഴി സർക്കാരിന് ലഭിക്കുമായിരുന്ന വരുമാനം മൂന്നിലൊന്നായാണ് കുറഞ്ഞിരുന്നത്.

ഉയര്‍ന്ന മൂല്യമുള്ള ഭൂമി ഇടപാടുകളില്‍ വൻ ഇടിവാണ് ഇക്കാലയളവിൽ ഉണ്ടായത്. ആധാരങ്ങളുടെ രജിസ്ട്രേഷനില്‍ 55 ശതമാനം കുറവ് വന്നു. നവംബർ മൂന്ന് മുതല്‍ എട്ടാം തിയതി വരെ 9.40 കോടി രൂപ ശരാശരി വരുമാനം ലഭിച്ചപ്പോള്‍ നിരോധനത്തിന് പിറ്റേന്ന് ലഭിച്ചത് 1.49 കോടി രൂപ മാത്രമാണ് ലഭിച്ചത്. ഈ സാഹചര്യം ഒഴിവാക്കാൻ ലഭിച്ച അവസരമാണ് ധനവകുപ്പ് നഷ്ടമാക്കിയത്. എന്നാൽ ഉത്തരവായി ഇറക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും എല്ലാ വകുപ്പുകൾക്കും പൊതുവായി നിർദ്ദേശം നൽകിയിരുന്നുവെന്നുമാണ് ധനവകുപ്പ് ഇപ്പോൾ നൽകുന്ന വിശദീകരണം.