രാവിലെ താഴ്ന്ന നിരക്കായ 70.48 ല്‍ വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. 

മുംബൈ: വിനിമയ വിപണിയില്‍ നിന്ന് ആദ്യ മണിക്കൂറുകളില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ നാണയത്തിന് ശുഭകരമല്ല. ഇക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 71.02 എന്ന താഴ്ന്ന നിലയിലാണ്. ഇന്ന് 54 പൈസയുടെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. 

രാവിലെ താഴ്ന്ന നിരക്കായ 70.48 ല്‍ വ്യാപാരം തുടങ്ങിയപ്പോള്‍ മുതല്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ഇറക്കുമതി മേഖലയില്‍ യുഎസ് ഡോളറിന് ആവശ്യകത വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യത്തില്‍ ഇടിവിന് കാരണമായത്. 

ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്നലെ 357.82 കോടി രൂപയുടെ നിക്ഷേപങ്ങള്‍ വില്‍പ്പന നടത്തിയിരുന്നു. ഇന്ന് നടക്കുന്ന ഒപെകിന്‍റെ നിര്‍ണ്ണായക യോഗത്തില്‍ എണ്ണ ഉല്‍പാദനം കുറയ്ക്കാനുളള തീരുമാനം ഉണ്ടായേക്കുമെന്ന സൂചനകളാണ് ഇന്ത്യന്‍ നാണയത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന ഘടകം.