ദില്ലി: രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കുക എന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക പദ്ധതി ലക്ഷ്യത്തിലേക്ക്. 2018 മെയ് 1-നുള്ളില്‍ രാജ്യത്തെ മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുക എന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെങ്കിലും അതിനും മുന്‍പേ തന്നെ പദ്ധതി പൂര്‍ത്തികരിക്കാന്‍ സാധിക്കുമെന്നാണ് റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറന്‍ ഓഫ് ഇന്ത്യയുടെ പ്രതീക്ഷ. 

2015- ആഗസ്റ്റ് 15-ലാണ് പദ്ധതി ആരംഭിച്ചത്. വൈദ്യുതി എത്താത്ത 18,458 ഗ്രാമങ്ങളായിരുന്നു അന്ന് ഇന്ത്യയിലുണ്ടായിരുന്നത്. എന്നാല്‍ ഇനി 1227 ഗ്രാമങ്ങളില്‍ കൂടി മാത്രമേ വൈദ്യുതി എത്താന്‍ ബാക്കിയുള്ളൂ, മെയ് ഒന്നിന് മുന്‍പായി തന്നെ ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.... റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും എംഡിയുമായ ഡോ.പി.വി.രമേശ് പറയുന്നു. 

ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതോടൊപ്പം വൈദ്യുതി വിതരണശൃംഖലയെ ശക്തിപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിക്കായി 45,000 കോടി രൂപയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്.