നോട്ട് നിരോധനത്തെ ഏറ്റവും ശക്തമായി ന്യായീകരിച്ച ഉന്നത ഉദ്യോഗസ്ഥനായിരുന്നു ശക്തികാന്ത ദാസ്. നോട്ട് നിരോധനത്തിന് മേല്‍നോട്ടം വഹിച്ചതും ഇദ്ദേഹമായിരുന്നു. 2017 ഫെബ്രുവരിയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍, 2017 ഏപ്രില്‍ മുതല്‍ നോട്ട് നിരോധനത്തിന്‍റെ ഗുണഫലങ്ങള്‍ രാജ്യത്തുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. 'അടുത്ത ത്രൈമാസം മുതല്‍ (2017 ഏപ്രില്‍) നോട്ട് നിരോധനത്തിന്‍റെ ദീര്‍ഘകാല-മധ്യകാല ഗുണഫലങ്ങള്‍ രാജ്യത്തുണ്ടാകും'എന്നായിരുന്നു അദ്ദേഹത്തിന്‍റെ അന്നത്തെ പ്രതികരണം. 

ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി സമര്‍പ്പിച്ച് 24 മണിക്കൂറിനുളളില്‍ ഇന്ത്യയുടെ ഇരുപത്തഞ്ചാമത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് നിയമിതനായി. 2016 ല്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ ധനകാര്യ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് ശക്തികാന്ത ദാസ്. നോട്ട് നിരോധന നാളുകളിലാണ് ശക്തികാന്ത ദാസ് എന്ന 1980 ബാച്ച് തമിഴ്നാട് കേഡര്‍ ഐഎഎസ് ഓഫീസര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

നോട്ട് നിരോധനത്തെ ഏറ്റവും ശക്തമായി ന്യായീകരിച്ച ഉന്നത ഉദ്യോഗസ്ഥനായിരുന്നു ശക്തികാന്ത ദാസ്. നോട്ട് നിരോധനത്തിന് മേല്‍നോട്ടം വഹിച്ചതും ഇദ്ദേഹമായിരുന്നു. 2017 ഫെബ്രുവരിയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍, 2017 ഏപ്രില്‍ മുതല്‍ നോട്ട് നിരോധനത്തിന്‍റെ ഗുണഫലങ്ങള്‍ രാജ്യത്തുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. 'അടുത്ത ത്രൈമാസം മുതല്‍ (2017 ഏപ്രില്‍) നോട്ട് നിരോധനത്തിന്‍റെ ദീര്‍ഘകാല-മധ്യകാല ഗുണഫലങ്ങള്‍ രാജ്യത്തുണ്ടാകും'എന്നായിരുന്നു അദ്ദേഹത്തിന്‍റെ അന്നത്തെ പ്രതികരണം. 

'ശക്തികാന്ത ദാസ് മികച്ച ഒരു ഗവര്‍ണറായിരിക്കും. സര്‍ക്കാര്‍ വളരെ പെട്ടെന്ന് പുതിയ നിയമനം നടത്തിയതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. നിയമനത്തില്‍ താമസം നേരിട്ടിരുന്നെങ്കില്‍ സാമ്പത്തിക രംഗത്ത് വലിയ ചലനങ്ങള്‍ക്ക് അത് കാരണമായേനെ'. ശക്തികാന്ത ദാസിനെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിച്ചതായുളള വാര്‍ത്തകളോട് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സി രംഗരാജന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. 

ഡിസംബര്‍ 14 ന് റിസര്‍വ് ബാങ്കിന്‍റെ ബോര്‍ഡ് യോഗത്തില്‍ കരുതല്‍ ധനം കൈകാര്യം ചെയ്യല്‍ അടക്കമുളള നിര്‍ണ്ണായക വിഷയങ്ങളില്‍ ചര്‍ച്ച നടക്കാനിരിക്കെ സര്‍ക്കാരിന് അനുകൂലമായ നിലപാട് പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറില്‍ നിന്നുണ്ടാനുളള സാധ്യത സാമ്പത്തിക വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനമായ 9.79 ലക്ഷം കോടി രൂപയുടെ മൂന്നിലൊന്ന് തുകയായ മൂന്ന് ലക്ഷം കോടി രൂപ നേടിയെടുക്കാനുളള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കമാണ് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്‍റെ രാജിയിലേക്ക് നയിച്ച സംഭവവികാസങ്ങളുടെ തുടക്കം. 

കരുതല്‍ ധനം സര്‍ക്കാരിന് കൈമാറാന്‍ റിസര്‍വ് ബാങ്ക് തയ്യാറായാല്‍ അത് ഇന്ത്യയുടെ റേറ്റിംഗിനെ ബാധിക്കും. കരുതല്‍ ധനത്തിന്‍റെ മൂന്നിലൊന്ന് സര്‍ക്കാരിന് കൈമാറിയാല്‍ ഇന്ത്യയുടെ 'എഎഎ റേറ്റിംഗ്' താഴേക്ക് പോകും. വിവിധ വായ്പകളെടുക്കാന്‍ രാജ്യത്തിന് 'എഎഎ റേറ്റിംഗ്' വളരെ പ്രധാനമാണ്. റേറ്റിംഗ് താഴ്ന്നാല്‍ വായ്പാ ലഭ്യത കുറയും. മാത്രമല്ല, റിസര്‍വ് ബാങ്കിന്‍റെ ബാലൻസ് ഷീറ്റിനെ ഇത്തരമൊരു നടപടി താളം തെറ്റിക്കും. റിസര്‍വ് ബാങ്കിന്‍റെ ബാലൻസ് ഷീറ്റിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഭീഷണിയാണ്.

അറുപത്തിയൊന്നുകാരനായ ശക്തികാന്ത ദാസ് മൂന്ന് വര്‍ഷത്തേക്കാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായിരിക്കുന്നത്. നിലവില്‍ പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ അംഗമാണ്. ജി 20 ഉച്ചകോടികളില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധിയായിരുന്നു അദ്ദേഹം. കേന്ദ്ര റവന്യൂ സെക്രട്ടറി സ്ഥാനത്തു നിന്നാണ് ധനകാര്യ സെക്രട്ടറി (2015-17) സ്ഥാനത്തേക്ക് ദാസ് എത്തിയത്. ഇതോടെ, രാജ്യത്തെ സാമ്പത്തിക മേഖലയിലെ നിര്‍ണ്ണായക സ്ഥാനത്തിരിക്കുന്ന മൂന്ന് ഉന്നത ഉദ്യോഗസ്ഥരും പൂര്‍ണ്ണമായും നോട്ട് നിരോധനത്തെ പിന്താങ്ങുന്നവരായി മാറി. കേന്ദ്ര ധനകാര്യ സെക്രട്ടറി അജയ് നാരായണ്‍ ഝാ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സൂബ്രഹ്മണ്യന്‍ എന്നിവരാണ് മറ്റ് രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍.