അമേരിക്കയിലുടനീളം സാംസങ് വാഷിങ് മെഷീനുകളെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. മൊബൈല്‍ ഫോണുകള്‍ക്ക് പൊട്ടിത്തെറിയായിരുന്നു പ്രശ്നമെങ്കില്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ ഇളകി മാറുന്നതാണ് വാഷിങ് മെഷീനുകളില്‍ കണ്ടെത്തിയിരിക്കുന്ന പ്രശ്നം. ഇത്തരത്തിലുള്ള 733 പരാതികളാണ് അമേരിക്കയിലെ കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി കമ്മീഷന് ലഭിച്ചത്. ഉപയോഗിച്ചുകൊണ്ടിരിക്കവെ അസാധാരണമായ കുലുക്കവും കുറച്ചുനാളുകള്‍ക്ക് ശേഷം മെഷീനിന്റെ മുകളിലെ ഭാഗം ഇളകിപ്പോകുന്നുവെന്നുമാണ് ഭൂരിഭാഗം പേരും പരാതിപ്പെടുന്നത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായും പരാതികളില്‍ പറയുന്നു.

ഇതിന് ശേഷമാണ് എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമായി ഇവ നന്നാക്കിക്കൊടുക്കുമെന്ന് നവംബര്‍ നാലിന് സാംസങ് പ്രഖ്യാപിച്ചത്. ആവശ്യപ്പെടുന്നവര്‍ക്ക് വീട്ടിലെത്തി തകരാര്‍ പൂര്‍ണ്ണമായി പരിഹരിച്ചു നല്‍കും. അല്ലെങ്കില്‍ പുതിയ വാഷിങ് മെഷീന്‍ വാങ്ങാന്‍ വിലയില്‍ നല്ലൊരു ഭാഗം റിബേറ്റ് നല്‍കും. അടുത്ത കാലത്താണ് മെഷീന്‍ വാങ്ങിയതെങ്കില്‍ തിരിച്ചെടുത്ത് പണം നല്‍കുമെന്നും സാംസങ് അറിയിച്ചു.