മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറാമെന്നും ഇതിന് മിനിമം ബാലന്‍സ് നിബന്ധനകളില്ലെന്നും വിശദീകരണമുണ്ട്.

മുംബൈ: വലിയ തോതില്‍ അക്കൗണ്ടുകള്‍ നിര്‍ത്തലാക്കിയെന്ന തരത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എസ്.ബി.ഐ വിശദമാക്കി. അസോസിയേറ്റ് ബാങ്കുകളുടെ ലയനം കാരണമാണ് 41.16 ലക്ഷം അക്കൗണ്ടുകള്‍ റദ്ദാക്കേണ്ടി വന്നതെന്നും മിനിമം ബാലന്‍സ് നിബന്ധനകളുമായി ഇതിന് ബന്ധമൊന്നുമില്ലെന്നുമാണ് എസ്.ബി.ഐയുടെ വിശദീകരണം. 

നേരത്തെ വിവിധ അസോസിയേറ്റ് ബാങ്കുകളിലും എസ്.ബി.ഐയിലും അക്കൗണ്ടുകള്‍ ഉണ്ടായിരുന്ന ഉപഭോക്താക്കള്‍, ബാങ്കുകളുടെ ലയനശേഷം ഇവ റദ്ദാക്കുകയായിരുന്നു. മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറാമെന്നും ഇതിന് മിനിമം ബാലന്‍സ് നിബന്ധനകളില്ലെന്നും വിശദീകരണമുണ്ട്. എസ്.ബി.ഐക്ക് നിലവിൽ 41 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ഈ സാമ്പത്തിക വർഷം 2.10 കോടി പുതിയ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി. ഇതിൽ 1.10 കോടി അക്കൗണ്ടുകൾ പ്രധാനമന്ത്രി ജൻധൻ യോജന പദ്ധതി പ്രകാരമുള്ളവയാണ്. ഈ അക്കൗണ്ടുകള്‍ക്കും മിനിമം ബാലൻസ് നിബന്ധനകള്‍ ബാധകമല്ല. അതേസമയം മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് ഈടാക്കിയിരുന്ന പിഴ തുക എസ്.ബി.ഐ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുറച്ചിരുന്നു. ഇത് ഏപ്രില്‍ ഒന്നുമുതല്‍ പ്രബല്യത്തില്‍ വരും.