തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്കിന്‍റെ യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്‍റി അവാര്‍ഡിന് കൊച്ചി സ്വദേശി നിഹാല്‍ രാജ് അര്‍ഹനായി. യൂ ട്യൂബിലൂടെ കിച്ച എന്ന പേരില്‍ പ്രശസ്തനാണ് നിഹാല്‍. കിച്ച ട്യൂബ് എച്ച്ഡി എന്ന പേരില്‍ സ്വന്തമായി നിഹാലിന് യൂ ട്യൂബ് ചാനലുണ്ട്. 

ചാനലില്‍ അവതരിപ്പിക്കുന്ന പാചക കുറിപ്പുകളിലൂടെയും അവയുടെ അവതരണ ശൈലിയിലൂടെയും നിഹാലിന് ലക്ഷക്കണക്കിന് ആരാധകരെയാണ് സൃഷ്ടിക്കാനായത്. ഇന്ന് കിച്ച ട്യൂബിന് 30,000 ത്തിലധികം സ്ഥിരം വരിക്കാരുണ്ട്. കേവലം നാല് വയസ്സുളളപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയിലും പാചക ലോകത്തും താരമാണ് നിഹാല്‍ എന്ന ആരാധകരുടെ പ്രിയപ്പെട്ട കിച്ച. 

സ്വന്തം കഴിവുകളും വൈദഗ്ദ്ധ്യവും മാറ്റുരച്ച് സാമൂഹ്യപരിണാമത്തിന് വഴിതെളിച്ച യുവ പ്രതിഭകളെ ആദരിക്കുവാനാണ് സ്റ്റേറ്റ് ബാങ്ക് യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്‍റി അവാര്‍ഡിന് രൂപ നല്‍കിയിട്ടുളളത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ (പുരുഷ വിഭാഗം) ക്യാറ്റഗറിയിലാണ് നിഹാല്‍ രാജ് എന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഷെഫ് അവാര്‍ഡിന് അര്‍ഹനായത്. 

അമേരിക്കയിലെ ജനപ്രിയ ടെലിവിഷന്‍ ടോക് ഷോയായ ദ എലന്‍ ഡിജനറസ് ഷോയിലേക്ക് കിച്ചയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. ഇത് കൂടാതെ ബ്രിട്ടണിലെയും അമേരിക്കയിലെയും വിയറ്റ്നാമിലെയും ലിറ്റില്‍ ബിഗ് ഷോട്ടിലും കിച്ച തന്‍റെ പാചക വൈദഗ്ദ്ധ്യം അവതരിപ്പിച്ച് കൈയടി നേടിയിട്ടുണ്ട്.