അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തോടെ രാജ്യത്തെ 50 കോടി ഇടപാടുകാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കാന്‍ സാഹചര്യം ഒരുക്കിയെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. എന്നാല്‍ ലയനം ബാങ്കിന്‍റെ കിട്ടാക്കടത്തില്‍ മാറ്റമുണ്ടാക്കിയില്ലെന്നും എസ്.ബി.ഐ അറിയിച്ചു.

ലയനത്തോടെ അന്താരാഷ്ട്രത്തില്‍ നാല്‍പ്പത്തി അഞ്ചാമത്തെ വലിയ ബാങ്കായി എസ്.ബി.ഐ ഉയര്‍ന്നത് ഇടപാടുകാര്‍ക്കും ഗുണകരമാകുമെന്ന നിലപാടിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാക്കുന്ന എസ്.ബി.ഐയുടെ സേവനം ഇനി മറ്റ് അസോസിയേറ്റ് ബാങ്കുകളുടെ ഉപഭോക്താക്കളായിരുന്നവര്‍ക്കും ലഭ്യമാകും. 8.6 ശതമാനം നിരക്കില്‍ എസ്.ബി.ഐ വായ്പ നല്‍കുമ്പോള്‍ 8.85 ശതമാനം മുതല്‍ 9.2 ശതമാനം നിരക്കിലായിരുന്നു മറ്റ് ബാങ്കുകള്‍ വായ്പ നല്‍കിയിരുന്നത്. എന്നാല്‍ കിട്ടാക്കടങ്ങളുട കാര്യത്തില്‍ വലിയ മാറ്റമൊന്നും ലയനം കൊണ്ട് ഉണ്ടായില്ലെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.

അതേസമയം ലയനത്തിന് പിന്നാലെ അസോസിയേറ്റ് ബാങ്കുകളിലെ 2800 ജീവനക്കാര്‍ക്ക് എസ്.ബി.ഐ, സ്വമേധയാ വിരമിക്കാനുള്ള അനുമതി നല്‍കി. 20 വര്‍ഷം സേവനവും 55 വയസുമുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വി.ആര്‍.എസ് നല്‍കിയത്. ഏപ്രില്‍ 5നകം അസോസിയേറ്റ് ബാങ്കുകളിലെ 12,500 ജീവനക്കാര്‍ക്ക് വി.ആര്‍.എസിന് അവസരമുണ്ടെന്നും അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. ലയനം വിജയമാണെന്ന വിലയിരുത്തലിലാണ് എസ്.ബി.ഐ. ലയനത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്തി 37 ലക്ഷം കോടിയായി ഉയര്‍ന്നു. ലയനത്തിന്റെ പ്രതിഫലനമെന്നോണം അടിസ്ഥാന പലിശ നിരക്കില്‍ എസ്.ബി.ഐ 0.15 ശതമാനത്തിന്റെ കുറവ് വരുത്തി. 9.1 ശതമാനമാണ് പുതിയ പലിശ നിരക്ക്. ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. അടിസ്ഥാന പലിശ നിരക്ക് കുറച്ചെങ്കിലും മറ്റ് വായ്പാ നിരക്കുകളില്‍ ഉടന്‍ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.