കൊച്ചി: അക്കൗണ്ടുകളിലെ മിനിമം ബാലന്‍സിന്റെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ പഴിക്കുന്നത് കാര്യങ്ങള്‍ മനസിലാക്കാതെയാണെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍. ഗ്ലോബല്‍ എന്‍.ആര്‍.ഐ സെന്റ്റിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. 

സേവിങ്സ് ബാങ്ക് അക്കൗണ്ട് വിപണിയിലെ മറ്റ് ഏതൊരു ഉല്‍പ്പന്നവും പോലെയാണ്. പല തരത്തിലുള്ള ചിലവുകള്‍ അത് വഴി ബാങ്കിന് ഉണ്ടാകുന്നുണ്ട്. അക്കൗണ്ടിനൊപ്പം നല്‍കുന്ന ഡെബിറ്റ് കാര്‍ഡിനും മറ്റ് ഇടപാടുകള്‍ക്കുമൊക്കെ വരുന്ന ചിലവ് കണക്കാക്കിയാണ് മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കുന്നത്. ഇത് പാലിക്കാത്തവരില്‍ നിന്ന് ഫീസ് ഈടാക്കും. ഇത് തന്നെ പലപ്പോഴും വിലയിരുത്താറും മാറ്റം വരുത്താറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റുകളോടാണ് എസ്‌.ബി.ഐക്ക് കൂടുതല്‍ താല്‍പര്യമെന്ന ആരോപണവും ചെയര്‍മാന്‍ നിഷേധിച്ചു. എസ്.ബി.ഐ നല്‍കിയ വായ്പകളില്‍ 60 ശതമാനവും ചില്ലറ വിഭാഗത്തില്‍പ്പെട്ടവയാണെന്നും 30 ലക്ഷം അക്കൗണ്ടുകളാണ് ഭവന വായ്പകളില്‍ മാത്രമുള്ളതെന്നും അദ്ദേഹം പറഞ്ഞു.