ന്യൂഡല്‍ഹി: മിനിമം ബാലന്‍സിലാത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നടതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒന്നാമത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ മുതലുള്ള കാലയളവില്‍ 1,771 കോടി രൂപയാണ് എസ്.ബി.ഐ പിഴയിനത്തില്‍ ഈടാക്കിയത്. പഞ്ചാബ് നാഷണല്‍ ബാങ്കാണ് പിഴ ഈടാക്കുന്നതില്‍ രണ്ടാമത്.

എസ്.ബി.ഐക്ക് രണ്ടാംപാദത്തില്‍ ലഭിച്ച അറ്റാദായത്തേക്കാള്‍ ഉയര്‍ന്ന തുകയാണ് പിഴയിനത്തില്‍ കിട്ടിയിരിക്കുന്നത്. ജൂലൈ-നവംബര്‍ മാസങ്ങളില്‍ 1,551 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. എന്നാല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്ന് പിഴയിനത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1,771 കോടി രൂപ ഈടാക്കി. കേന്ദ്രധനമന്ത്രാലയമാണ് ഈ കണക്ക് പുറത്ത് വിട്ടത്. പിഴ ഈടാക്കാതിരിക്കാന്‍ മെട്രോ നഗരങ്ങളില്‍ 3,000 രൂപയാണ് മിനിമം ബാലന്‍സായി അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടത്. നഗരങ്ങളിലെ അക്കൗണ്ടുകളില്‍ ഇത് രണ്ടായിരം ഗ്രാമങ്ങളില്‍ ആയിരം രൂപയുമാണ്.

42 കോടി സേവിംഗ്സ് അക്കൗണ്ടുകളാണ് എസ്.ബി.ഐക്ക് ഉള്ളത്. ഇതില്‍ അടിസ്ഥാന സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ്‌സ് അക്കൗണ്ടുകളും പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളും മാറ്റിനിര്‍ത്തി ബാക്കി 29 കോടി അക്കൗണ്ട് ഉടമകളില്‍ നിന്നാണ് എസ്.ബി.ഐ പിഴ ഈടാക്കുന്നത്. എസ്.ബി.ഐ കഴിഞ്ഞാല്‍ പഞ്ചാബ് നാഷണല്‍ ബാങ്കാണ് പിഴയീടാക്കുന്നതില്‍ മുന്നില്‍. പഞ്ചാബ് നാഷണല്‍ ബാങ്ക് 97.34 കോടി രൂപയും കനറ ബാങ്ക് 62.16 കോടി രൂപയും പിഴയിനത്തില്‍ ഈടാക്കി. പൊതുമേഖല ബാങ്കുകളില്‍ പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് മാത്രമാണ് നടപ്പ് സാമ്പത്തിക വര്‍ഷം മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവരില്‍ നിന്ന് അധികതുക പിടിക്കാതിരുന്നത്.