കൊച്ചി: ചെറിയ തുകയ്ക്കുള്ള ചെക്കിനും ഫീസ് ഏര്‍പ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപയോ അതില്‍ത്താഴെയോ ഉള്ള തുകയ്ക്കു ചെക്ക് നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകാരില്‍ നിന്ന് എസ്ബിഐ 100 രൂപ ഫീസ് ഈടാക്കിത്തുടങ്ങി. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് നടപടി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന ക്രഡിറ്റ് കാര്‍ഡായ എസ്ബിഐ കാര്‍ഡാണ് ചെറിയ തുകയ്‌ക്ക് ചെക്കുകള്‍ നല്‍കുന്നവരില്‍നിന്ന് സര്‍വ്വീസ് ചാര്‍ജുകള്‍ ഈടാക്കുന്നത്. ഇതനുസരിച്ച് രണ്ടായിരം രൂപയ്‌ക്കോ അതില്‍ താഴെയുള്ള തുകയ്‌ക്കോ ചെക്ക് നല്‍കുന്നവരില്‍നിന്ന് 100 രൂപ പിഴ ഈടാക്കും. പുതിയ നിര്‍ദ്ദേശം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ബില്ലടയ്‌ക്കുന്ന അവസാന തീയതികളില്‍ തിരക്ക് ഒഴിവാക്കുന്നതിനാണ് എസ്ബിഐ നടപടി. 90 ശതമാനം ഇടപാടുകാരും ചെക്ക് വഴിയല്ല പണമടക്കുന്നതെന്നും, ഡിജിറ്റല്‍ ഇടപാട് പ്രോല്‍സാഹിപ്പിക്കുന്നതിനുമാണ് പിഴ ഈടാക്കുന്നതെന്ന് എസ്ബിഐ കാര്‍ഡ് അധികൃതര്‍ പറഞ്ഞു. ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പണമടയ്‌ക്കുന്നതിന് നിരവധി മാര്‍ഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും എസ് ബി ഐ കാര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. 40 ലക്ഷം ഉപഭോക്താക്കളാണ് എസ്ബിഐ കാര്‍ഡിന് ഉള്ളത്. അതേസമയം ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നതിനായി എസ്ബിഐ അടുത്തിടെ അവതരിപ്പിച്ച ഉന്നതി കാര്‍ഡുകള്‍ക്ക് ഫീസ് ബാധകമല്ല. എസ്ബിഐയില്‍ 25000 രൂപയുടെയെങ്കിലും സ്ഥിരനിക്ഷേപമുള്ളവര്‍ക്ക് നല്‍കുന്നതാണ് ഉന്നതി കാര്‍ഡുകള്‍. ഇത് ഉപയോഗിക്കുമ്പോള്‍ പെട്രോള്‍ പമ്പുകളില്‍നിന്ന് ഇന്ധനം നിറയ്‌ക്കുമ്പോള്‍ ഉള്‍പ്പടെയുള്ള സര്‍ചാര്‍ജുകളില്‍ ഇളവ് ലഭിക്കും.
