കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കാണ് കോടിക്കണക്കിന് രൂപ ഒഴുകിയെത്തിയത്.

മലപ്പുറം: കോട്ടക്കലില്‍ എസ്ബിഐ ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപം വീതം വന്നത് മനഃപൂര്‍വ്വം ചെയ്തതാണെന്ന് ബാങ്കിന്റെ വിശദീകരണം. ആരുടെയും അക്കൗണ്ടിലേക്ക് പണം നല്‍കിയിട്ടില്ല. പണം വന്നെന്ന സന്ദേശം മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചതെന്നും എസ്ബിഐ വിശദീകരിച്ചു.

തിരിച്ചറിയല്‍ രേഖകള്‍ യഥാസമയം നല്‍കി കെവൈസി (know your customer)അപ്ഡേറ്റ് ചെയ്യാത്തവരെ ബാങ്കിലെത്തിച്ച് രേഖകള്‍ വാങ്ങാനുള്ള നടപടിയായിരുന്നു ഈ വന്‍തുകകളുടെ സന്ദേശമെന്നാണ് എസ്.ബി.ഐ അറിയിച്ചത്. പണം കിട്ടിയതായുള്ള സന്ദേശം നല്‍കിയതിന് പിന്നാലെ ഇവരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മലപ്പുറം കോട്ടക്കല്‍ ശാഖയിലെ ഉപഭോക്താകളുടെ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപ എത്തിയത്. 

കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കാണ് കോടിക്കണക്കിന് രൂപ ഒഴുകിയെത്തിയത്. 22 ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കാണ് കോടിക്കണക്കിന് രൂപ ക്രെഡിറ്റായതായി എസ്.എം.എസ് വഴി അറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് ബാലന്‍സ് ചെക്ക് ചെയ്തപ്പോള്‍ ഇത് ശരിയാണെന്ന് കണ്ടതോടെ ജീവനക്കാര്‍ ശരിക്കും അന്തംവിട്ടു. പുല്ലാട്ട് സുരേഷ് കുമാർ എന്നയാളുടെ അക്കൗണ്ടിലേക്ക് ഒരു കോടിയിലേറെ രൂപയാണ് ക്രെഡിറ്റായത്. പിന്നാലെ അക്കൗണ്ടുകള്‍ ബ്ലോക്കായി.

ബാങ്കിലെത്തി രേഖകള്‍ നല്‍കിയവരുടെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.