ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ എസ്ബിഐ ഇന്ന് മുതൽ ഉപഭോക്താക്കളിൽ നിന്ന് 100 രൂപ വരെ പിഴ ഈടാക്കും. ഗ്രാമപ്രദേശങ്ങളിൽ ആയിരം രൂപയും മെട്രോ നഗരങ്ങളിൽ അയ്യായിരം രൂപയുമാണ് മിനിമം ബാലൻസ്. എസ്ബിഐയിൽ ലയിച്ച എസ്ബിടി ഉപഭോക്താക്കളും ഇന്ന് മുതൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഉറപ്പാക്കണം.
നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ മിനിമം ബാലൻസ് ഉണ്ടോ, ഇല്ലെങ്കിൽ ഇന്ന് മുതൽ 50 മുതൽ നൂറ് രൂപ വരെ പിഴ നൽകാൻ തയ്യാറായിക്കൊള്ളൂ. ഗ്രാമപ്രദേശങ്ങളിൽ 1000 രൂപയും അർദ്ധ നഗരങ്ങളിൽ രണ്ടായിരം രൂപയും കൊച്ചി പോലുള്ള നഗരങ്ങളിൽ മൂവായിരം രൂപയുമാണ് ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസ്. മെട്രോ നഗരങ്ങളിലാണ് അക്കൗണ്ടെങ്കിൽ മിനിമം ബാലൻസ് അയ്യായിരമാകും. ഏപ്രിൽ ഒന്നിന് ലയനം പൂർത്തിയായതോടെ എസ്ബിഐയിലേക്ക് മാറിയ എസ്ബിടി ഉപഭോക്താക്കളും ഇന്ന് മുതൽ അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തണം. ജന്‍ധൻ അക്കൗണ്ടുകളുടെയും എടിഎമുകളുടെയും പ്രവര്‍ത്തനത്തിലുള്ള ചെലവും കണ്ടെത്തുന്നതിനാണ് മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയതെന്നാണ് എസ്ബിഐയുടെ വാദം.
അക്കൗണ്ടുള്ള ബാങ്കിലെത്തി മൂന്ന് തവണയിൽ കൂടുതൽ പണമടച്ചാലോ പരിധിയിൽ കൂടുതൽ എടിഎം ഇടപാട് നടത്തിയാലോ ബാങ്കുകൾ പിഴ ഈടാക്കുന്നുണ്ട്. ഇതിന് പുറമേയാണ് അക്കൗണ്ടിൽ മിനിമം ബാലൻസില്ലെന്ന് ആരോപിച്ച് പിഴ ചുമത്തുന്നത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം പതിനായിരം കോടിയിലധികം രൂപ ലാഭമുണ്ടാക്കിയ എസ്ബിഐ കൊള്ളലാഭം മാത്രം ലക്ഷ്യമിട്ടാണ് പുതിയ നയം രൂപീകരിച്ചതെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ആരോപിച്ചു. പിഴ ഈടാക്കാനുള്ള നടപടി എസ്ബിഐ പിൻവലിച്ചില്ലെങ്കിൽ ഏപ്രിൽ 12ന് അവകാശദിനമായി പ്രതിഷേധ സമരം നടത്താനാണ് AIBEA യുടെ തീരുമാനം.
