മുംബൈ: രാജ്യത്തെ 63 വന്‍കിട വ്യവസായ ഗ്രൂപ്പുകളുടെ 7016 കോടി രൂപയുടെ കിട്ടാക്കടം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ ബാലന്‍സ് ഷീറ്റില്‍ നിന്ന് ഒഴിവാക്കി.വാര്‍ഷിക ബാലന്‍സ് ഷീറ്റില്‍ നിന്ന് ഈ കിട്ടാകടം നീക്കം ചെയ്തുവെങ്കിലും പ്രത്യേക അക്കൗണ്ടില്‍ കമ്പനികളുടെ തിരിച്ചടവ് തുകയായി ഈ വായ്പ തുടരും. ഇതില്‍ രാജ്യം വിട്ട യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യയുടെ 1201 കോടിയുടെ കിട്ടാക്കടവും ഉള്‍പ്പെടും.

ബാലന്‍സ് ഷീറ്റിലെ വലിയ കിട്ടാക്കടങ്ങള്‍ അഡ്വാന്‍സ് അണ്ടര്‍ കളക്ഷന്‍ അക്കൗണ്ട് എന്ന പ്രത്യേക അക്കൗണ്ടിലേക്കാണ് എസ് ബിഐ മാറ്റിയത്. 63 വന്‍കിടക്കാരുടെ 7016 കോടിയുടെ കിട്ടാക്കടം ഇതില്‍ ഉള്‍പ്പെടും. റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദദേശങ്ങളുടെ ഭാഗമായാണ് ബാലന്‍സ് ഷീറ്റിലെ വന്‍കിട കിട്ടാക്കടങ്ങള്‍ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നത്.

കിട്ടാക്കടത്തില്‍ വന്‍കിടക്കാര്‍ക്ക് ഈ നടപടി ക്രമം കൊണ്ട് ഇളവുണ്ടാകില്ല. 63 പേരുടെ 7016 കോടി രൂപയുടെ ബാധ്യതയാണ് ഇത്തരത്തില്‍ എസ് ബിഐ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയത്. വിജയ് മല്യയുടെ 1201 കോടി രൂപയും ഇതില്‍ ഉള്‍പ്പെടും.കെഎസ് ഓയിലിന്റെ ന്റെ 596 കോടി, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ 526 കോടി, ജി.ഇ.ടി പവര്‍(400 കോടി), സായി ഇന്‍ഫോ സിസ്റ്റം (376 കോടി) എന്നിവയും ഇത്തരത്തില്‍ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റി.

വായ്പ തിരിച്ചടക്കാതെ രാജ്യം വിട്ട വിജയ് മല്യയുടെ ബംഗ്ലാവുകളും സ്വത്തുക്കളും നേരത്തെ എസ്ബിഐയുടെ നേതൃത്വത്തിലുള്ള കൺസോഷ്യം ലേലം ചെയ്ത് വിറ്റിരുന്നു. ഇതിനു ശേഷം ലഭിക്കാനുള്ള തുകയാണ് ഇപ്പോള്‍ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റിയത്.17 ബാങ്കുകളിലായി കിംഗ് ഫിഷറിന് ഇപ്പോൾ 6963 കോടിയുടെ കടമുണ്ട്.