കൊച്ചി: എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി സര്‍ക്കാര്‍. എതിര്‍പ്പറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എസ്ബിടി എസ്ബിഐ ലയനം പകുതിയിലേറെ എസ്ബിടി ശാഖകള്‍ അടച്ചുപൂട്ടാന്‍ കാരണമാകും അത് സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളെ ദോഷകരമായി ബാധിക്കുമെന്നാണ് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.
എസിബിടി സ്വീകരിക്കുന്ന നിക്ഷേപങ്ങളില്‍ 90% കേരളത്തില്‍ വ്യവസായ, കാര്‍ഷിക, വിദ്യാഭ്യാസ വായ്പാ മേഖലയില്‍ ചെലവിടുന്നുണ്ട്. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുള്ള എസ്ബിടിയുടെ പ്രാദേശിക മുഖം മാറ്റി ദേശീയ സ്വഭാവം വരുത്തുന്നതു ദോഷകരമാണെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. എസ്ബിടിയില്‍ സംസ്ഥാന സര്‍ക്കാരിന് 0.89% ഓഹരിയുണ്ട്. സംസ്ഥാനത്തെ പൊതുധനകാര്യ ഇടപാടുകളില്‍ മുഖ്യപങ്ക് എസ്ബിടിക്കാണാണെന്നും പല സര്‍ക്കാര്‍ ട്രഷറികളും എസ്ബിടി ശാഖകളുമായി ബന്ധപ്പെട്ടാണു പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സേവ് എസ്ബിടി ഫോറം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. എസ്ബിടി ഇല്ലാതാകുന്നത് എന്‍ആര്‍ഐ ഉള്‍പ്പെടെ ബാങ്ക് നിക്ഷേപങ്ങളെ ബാധിക്കും. ആഗോള ബാങ്കിങ് മേഖലയിലെ വന്‍കിടക്കാരുമായി മല്‍സരിക്കാന്‍ ലക്ഷ്യമിട്ടാണ് എസ്ബിടി എസ്ബിഐ ലയനം. എന്നാല്‍, ഇന്ത്യയിലെ സാഹചര്യത്തില്‍ കുത്തകവല്‍ക്കരണത്തിനു സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. ലയനത്തിനെതിരായ ഹര്‍ജിയെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണെന്നും ലയന തീരുമാനവും നടപടിക്രമങ്ങളും ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
