കേരളത്തിന്റെ സ്വന്തം ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഓഫീസുകള്‍ക്ക് താഴ് വീഴുകയാണ്. ഏപ്രില്‍ ഒന്നിന് ലയനം പ്രാബല്യത്തില്‍ വരുന്നതോടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ മൂന്ന് ഹെഡ് ഓഫീസുകള്‍, 27 സോണല്‍ ഓഫീസുകള്‍, 81 റീജ്യണല്‍ ഓഫീസുകള്‍ എന്നിവ അടച്ചുപൂട്ടുമെന്ന് എസ്.ബി.ഐ മാനേജിങ് ഡയറക്ടര്‍ ദിനേശ് കുമാര്‍ ഖര അറിയിച്ചു. എന്നാല്‍ എസ്.ബി.ടിയുടെ ഏതൊക്കെ ഓഫീസുകളാണ് പൂട്ടുന്നതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. സംസ്ഥാനത്തിന് അകത്തുള്ള 852 എണ്ണമടക്കം എസ്.ബി.ടിക്ക് 1177 ശാഖകളാണുള്ളത്. 

ഇതിനിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെയുള്ള അഞ്ച് അനുബന്ധ ബാങ്കുകളുടെ ഇടപാടുകാരെ ഏപ്രില്‍ ഒന്നു മുതല്‍ എസ്.ബി.ഐ ഇടപാടുകാരായി പരിഗണിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. എസ്.ബി.ടി അടക്കമുള്ളവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളായി മാറും. ലയനത്തിന്റെ ഭാഗമായി, പുതിയ വായ്പകള്‍ അനുവദിക്കുന്നതിന് എസ്.ബി.ടി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഔദ്ദ്യോഗിക വിശദീകരണം. ലയന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ എസ്.ബി.ടിയുടെ 300 ശാഖകളെങ്കിലും പൂട്ടുമെന്നാണ് സൂചന. ജീവനക്കാരെയും പുനര്‍വിന്യസിക്കും. അതേസമയം ഏപ്രില്‍ ഒന്നു മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്തി 37 ലക്ഷം കോടിയായി ഉയരും. ഇതോടെ ലോകത്തെ ഏറ്റവും വലിയ 45ാമത്തെ ബാങ്കായി എസ്.ബി.ഐ മാറുകയും ചെയ്യും.