രഞ്ജന്‍ ഗൊഗോയി, ആര്‍ ഭാനുമതി എന്നീ ജസ്റ്റിസുമാര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം

ദില്ലി: മലബാര്‍ എന്ന പദം ആരുടേയും കുത്തകയല്ലെന്ന് സുപ്രീം കോടതി. ബിരിയാണ് അരിക്ക് മലബാര്‍ എന്ന് പേര് നല്‍കുന്നത് സംബന്ധിച്ച തര്‍ക്കം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. രഞ്ജന്‍ ഗൊഗോയി, ആര്‍ ഭാനുമതി എന്നീ ജസ്റ്റിസുമാര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഇതോടെ ദക്ഷിണേന്ത്യയിലെ വിപണികളെ ലക്ഷ്യമാക്കിയുള്ള പശ്ചിമ ബംഗാള്‍ കമ്പനിയുടെ തര്‍ക്കത്തിനാണ് പരിഹാരമാകുന്നത്. 

രണ്ടു കമ്പനികള്‍ക്കും മലബാര്‍ എന്ന പേര് ഉപയോഗിക്കാമെന്ന് സുപ്രീംകോടതി വിധിച്ചു. പരാഖ് വാണിജ്യ പ്രൈവറ്റ് ലിമിറ്റഡും ബരോമ അഗ്രോ പ്രൊഡക്ട്സുമാണ് മലബാറിന് വേണ്ടി കോടതിയിലെത്തിയത്. 2001 മുതല്‍ മലബാര്‍ എന്ന പേരില്‍ ബിരിയാണി അരി വില്‍ക്കുന്നവരാണ് തങ്ങളെന്നായിരുന്നു പരാഖ് കോടതിയില്‍ വാദിച്ചത്. അതിനാല്‍ ബരോമ അഗ്രോ പ്രൊഡക്ട്സ് അവരുടെ ബിരിയാണി അരിക്ക് മലബാര്‍ എന്ന് പേരിടുന്നത് തടയണമെന്നായിരുന്നു പരാഖിന്റെ ആവശ്യം. ആദ്യേ കേസ് പരിഗണിച്ച കൊല്‍ക്കത്ത ഹൈക്കോടതി ബരോമ മലബാര്‍ എന്ന പേരുപയോഗിക്കുന്നതിന് താല്‍ക്കാലിക വിലക്ക് നല്‍കിയിരുന്നു.

എന്നാല്‍ പരാഖ് കമ്പനിയുടെ വാദം തെറ്റാണെന്നും പേരില്‍ ചില്ലറ പരിഷ്കാരങ്ങള്‍ വരുത്താന്‍ തയ്യാറാണെന്നും എന്നാല്‍ പേരിലെ മലബാര്‍ കളയാന്‍ പറ്റില്ലെന്നും ബരോമ അഗ്രോ പൊഡക്ട്സ് വാദിച്ചു. ബരോമയുടെ വാദം അംഗീകരിച്ച കോടതി മലബാര്‍ എന്ന പദം മാറ്റങ്ങളോടെ ഉപയോഗിക്കാന്‍ ബരോമയെ അനുവദിച്ചു. ഇതിനെ തുടര്‍ന്നാണ് മലബാറിനായുള്ള തര്‍ക്കവുമായി പരാഖ് സുപ്രീം കോടതിയിലെത്തുന്നത്.