കൊച്ചി: രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയില്‍ ഇടിവ്. 468 കോടി ഡോളറിന്റെ സമുദ്രോത്പന്നങ്ങളാണു കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റുമതി ചെയ്തത്. ആഗോള സാമ്പത്തിക മാന്ദ്യവും കടലില്‍നിന്നുള്ള മത്സ്യ ലഭ്യത കുറഞ്ഞതുമാണു കയറ്റുമതിക്കു തിരിച്ചടിയായത്.

82 കോടി ഡോളറിന്റെ ഇടിവാണു പോയ വര്‍ഷത്തെ അപേക്ഷിച്ച് 2015-16 സാമ്പത്തിക വര്‍ഷം സമുദ്രോത്പന്ന കയറ്റുമതിയിലുണ്ടായത്. 9,45,892 മെട്രിക് ടണ്‍ സമുദ്രോത്പന്നങ്ങള്‍ കയറ്റി അയച്ചു. ഇതില്‍ ഭൂരിഭാഗവും ശീതീകരിച്ച ചെമ്മീനാണ്.

ആഗോള വിപണിയില്‍ ചെമ്മീന്‍ വിലയിലുണ്ടായ ഇടിവാണു കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചത്. തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള ചെമ്മീന്‍ കയറ്റുമതി ഉയര്‍ന്നതാണ് രാജ്യന്തര വിപണിയിലെ വിലക്കുറിവിന് കാരണം.

വിദേശ കറന്‍സികളായ യൂറോ, യെന്‍ എന്നിവയുടെ വിലയിടിവും ചൈനയിലെ സാമ്പത്തിക മാന്ദ്യവും കയറ്റുമതിയെ ബാധിച്ചെന്നു സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി അധികൃതര്‍ അറിയിച്ചു. കടലില്‍നിന്നുള്ള മത്സ്യലഭ്യതയുടെ കുറവും പ്രതികൂലമായി. ശീതികരിച്ച മറ്റ് മത്സ്യങ്ങള്‍, കൂന്തള്‍, ഉണക്കമീന്‍ എന്നിവയുടെ കയറ്റുമതിയും ഇക്കാലയളവില്‍ കുറഞ്ഞിട്ടുണ്ട്.

അമേരിക്കയാണ് ഇന്ത്യയില്‍നിന്നുള്ള സമുദ്രോത്പന്നങ്ങളുടെ ഏറിയപങ്കും ഇറക്കുമതി ചെയ്യുന്നത്. യൂറോപ്യന്‍ യൂണിയന്‍, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍ എന്നിവിടങ്ങളിലേക്കും സമുദ്രോത്പന്നങ്ങള്‍ വന്‍ തോതില്‍ കയറ്റി അയക്കുന്നു.