ഇന്ത്യന്‍ ഓഹരി വിപണികളിൽ ഉണർവ്. സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഏഷ്യൻ വിപണികളുടെ ചുവട് പിടിച്ച് സെൻസെക്സ് രാവിലെ 80 പോയന്‍റ് ഉയർന്നിരുന്നു. വായ്പ പരിധി ഉയർത്തുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രെംപിന്‍റെ പ്രസ്താവനയാണ് ആഗോള വിപണികളിലെ നേട്ടത്തിന് ആധാരം. ഇന്ത്യൻ വിപണിയിൽ ബാങ്കിംഗ്, റിയാലിറ്റി, ആരോഗ്യ, വാഹന സെക്ടറുകൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്സ്, സൺ ഫാർമ, ഹീറോ മോട്ടോർ കോർപ്പ് എന്നിവയാണ് നേട്ടപ്പട്ടികയിൽ മുന്നിൽ. അതേസമയം ടാറ്റ മോട്ടോഴ്സ്, എൻടിപിസി, എച്ച്ഡിഎഫ്സി എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കും നേരിയ ഉണർവുണ്ട്. ആറ് പൈസയുടെ നേട്ടത്തോടെ 64 രൂപ മൂന്ന് പൈസയിലാണ് വിനിമയം.