എടിഎം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ വീണ്ടും സര്‍വീസ് ചാര്‍ജ് ചുമത്തി തുടങ്ങി. മാസത്തില്‍ അഞ്ച് തവണയെന്ന പരിധി പിന്നിട്ടാല്‍ ഓരോ ഇടപാടിനും 20 രൂപ വരെയാണ് സര്‍വീസ് ചാര്‍ജ്. പിഒഎസ് ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്. 

നോട്ട് അസാധുവാക്കലിന് ശേഷം എടിഎമ്മില്‍ നിന്ന് എത്ര തവണ പണം പിന്‍വലിച്ചാലും ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നില്ല. എന്നാല്‍ ഡിസംബര്‍ 31ന് ശേഷം സ്ഥിതി പഴയപടിയായി. മാസം അഞ്ചുതവണയില്‍ കൂടുതല്‍ മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിച്ചാല്‍ ഓരോ ഇടപാടിനും 20 രൂപ വീതം ഉപഭോക്താവിന് നഷ്ടപ്പെടും. നിലവില്‍ പ്രതിദിനം 4,500 രൂപ വരെയാണ് പണമുള്ള എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാനാകുന്നത്. ഇതിനിടയില്‍ എടിഎമ്മില്‍ കയറി ബാലന്‍സ് പരിശോധിച്ചാല്‍ സൗജന്യ ഇടപാട് നാലായി ചുരുങ്ങും. പണമുള്ള എടിഎം തേടി ജനം അലയുന്നതിനാല്‍ ഇനിയുള്ള നിരവധി ഇടപാടുകള്‍ക്ക് പലരും സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വരും.

എടിഎം ഫീ ഏര്‍പ്പെടുത്താനുള്ള അധികാരം ബാങ്കുകളില്‍ നിഷിപ്തമായതിനാല്‍ റിസര്‍വ് ബാങ്ക് ഉത്തരവ് പുറത്തിറക്കാതെ ഇളവ് പുനസ്ഥാപിക്കില്ല. എന്നാല്‍ ആര്‍ബിഐ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് പുനസ്ഥാപിച്ചിട്ടുണ്ട്. ആയിരം രൂപ വരെയുള്ള പിഒഎസ് ഇടപാടുകള്‍ക്ക് ദശാംശം 5 ശതമാനവും രണ്ടായിരം രൂപ വരെയുള്ള ദശാംശം 25 ശതമാനവുമാണ് വ്യാപാരികള്‍ക്ക് ആവശ്യമെങ്കില്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജ്.