ഇലക്ട്രിക് വാഹനങ്ങൾക്കും സോളാർ എനർജി മേഖലയിൽ നിന്നുള്ള ആവശ്യം ഉയർന്നതോടെയാണ് വെള്ളി വിലയും കുതിക്കുന്നത്
ദില്ലി: സ്വർണത്തിന് പിന്നാലെ വെള്ളിക്കും റെക്കോർഡ് വില. കിലോയ്ക്ക് 104675 രൂപയാണ് വ്യാഴാഴ്ച വെള്ളിയുടെ വില. മാർച്ച് 27ന് ഇതിന് മുൻപ് വെള്ളിയുടെ വില 101313 രൂപയിലെത്തിയിരുന്നു. ഏപ്രിൽ നാലിന് ശേഷം വെള്ളി വില ഉയർന്ന നിലയിൽ തന്നെയാണുള്ളത്. ഏപ്രിൽ നാലിന് 87620 രൂപയായിരുന്നു ഒരു കിലോ വെള്ളിയുടെ വില. ഇലക്ട്രിക് വാഹനങ്ങൾക്കും സോളാർ എനർജി മേഖലയിൽ നിന്നുള്ള ആവശ്യം ഉയർന്നതോടെയാണ് വെള്ളി വിലയും കുതിക്കുന്നത്.
റഷ്യ യുക്രൈൻ യുദ്ധത്തിന് പിന്നാലെയാണ് വെള്ളി വിലയിൽ വലിയ രീതിയിലുള്ള ചാഞ്ചാട്ടം തുടങ്ങിയത്. ലോകത്ത് വെള്ളി ഉൽപാദകരിൽ ഏഴാം സ്ഥാനമാണ് റഷ്യയ്ക്കുള്ളത്. ഏറ്റവും വലിയ ഉൽപാദകർ അല്ലെങ്കിൽ കൂടിയും ആഗോള തലത്തിൽ വലിയ രീതിയിലുള്ള വെള്ളി ശേഖരമാണ് റഷ്യയ്ക്കുള്ളത്. വെള്ളി വിലയിൽ വർധനവ് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായാണ് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൌൺസിൽ ചെയർമാൻ രാജേഷ റോക്ഡേ മാധ്യമങ്ങളോട് പ്രതികരിച്ചത്. റഷ്യ യുക്രൈൻ യുദ്ധം ഇനിയും നീണ്ടാൽ വെള്ളി വില ഇനിയും ഉയരുമെന്നാണ് രാജേഷ് റോക്ഡേ വിശദമാക്കുന്നത്.
2025ൽ വെള്ളി വില പൊതുവെ മികച്ച രീതിയിലാണ് മുന്നേറുന്നത്. 12 വർഷത്തനിടയിലെ ഏറ്റവും ഉയർന്ന വിലയായ 104947 രൂപയിൽ വെള്ളി വില എത്തിയിരുന്നു. സ്വർണ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ആളുകൾ വെള്ളിയിലേക്ക് തിരിയുന്നതും അനുകൂല സാഹചര്യമായിട്ടുണ്ടെന്നും വ്യാപാരികൾ നിരീക്ഷിക്കുന്നത്. നിലവിൽ സ്വർണം വെള്ളി അനുപാതം 107-95 എന്ന നിലയിലാണ്. ഈ വർഷം വെള്ളി വില 130000 രൂപയിലേക്ക് എത്തുമെന്ന വിലയിരുത്തലിലാണ് സാമ്പത്തിക വിദഗ്ധരുള്ളത്.


