ന്യൂഡൽഹി: രാജ്യത്തെ മുൻ നിര ഓൺലൈൻ ഷോപ്പിങ് സൈറ്റായ സ്നാപ്ഡീൽ തൊഴിലാളികളെ പിരിച്ച് വിടാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 12 മാസത്തേക്ക് നിശ്ചിത തൊഴിലാളികളെ മാറ്റി നിർത്താനാണ് കമ്പനിയുടെ തീരുമാനം.
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ ഓൺലൈൻ ഷോപ്പിങ് സൈറ്റാവാനുള്ള യാത്രയിലാണ് സ്നാപ്ഡീൽ. ഉപഭോക്താകൾക്ക് മികച്ച സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കമ്പനിയുടെ വിവിധ ഘടകങ്ങളെ സ്നാപ്ഡീൽ ലാഭകരമാക്കുന്നതിനായി പുന:ക്രമീകരിക്കുമെന്നും ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഇ–മെയിലിൽ വ്യക്തമാക്കുന്നു. കമ്പനിയുടെ സ്ഥാപകരായ കുനാൽ ബാലും രോഹിത് ബൻസാലും നിശ്ചിത കാലയളവിന് ശമ്പളം സ്വീകരിക്കില്ലെന്നും ഇ-മെയിലിൽ പറയുന്നുണ്ട്. എന്നാൽ എത്ര തൊഴിലാളികളെയാണ് മാറ്റി നിർത്തുകയെന്ന് ഇതുവരെയായിട്ടും കമ്പനി വ്യക്തമാക്കിയിട്ടില്ല.
2010ലാണ് ന്യൂഡൽഹി കേന്ദ്രമാക്കി സ്നാപ്ഡീൽ പ്രവർത്തമാരംഭിച്ചത്. നിലവിൽ സോഫ്റ്റ് ബാങ്ക്, ഫോക്സോൺ, ആലിബാബ ഗ്രൂപ്പ് തുടങ്ങിയവർക്കെല്ലാം സ്നാപ്ഡീലിൽ ഓഹരികളുണ്ട്. സ്നാപ്ഡീലിൽ ലേ ഓഫ് വരുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
