സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്തി നിയമ നടപടികളില്‍ നിന്ന് ഒഴിവാകാന്‍ രണ്ട് പദ്ധതികളാണ് പോയ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിയമനടപടികള്‍ കര്‍ശനമാക്കാനായി പഴയ കേസുകള്‍ വീണ്ടും പരിശോധിക്കാനാണ് ആദായ നികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള നിയമ തടസ്സം നീക്കുന്ന തരത്തില്‍ ആദായ നികുതി നിയമം പരിഷ്കരിക്കും. 40 വര്‍ഷം മുമ്പ് സമ്പാദിച്ചതാണെങ്കില്‍ പോലും കള്ളപ്പണം കണ്ടെത്താന്‍ കഴിയുമെന്നാണ് ഒരു മുതിര്‍ന്ന ഉദ്ദ്യോഗസ്ഥന്‍ പ്രതികരിച്ചത്. നോട്ട് നിരോധനത്തിന് ശേഷം 85 ശതമാനം നികുതിയും പിഴയും അടച്ച് നിയമ നടപടികളില്‍ നിന്ന് രക്ഷപെടാനുള്ള ഒരു പദ്ധതി ഇപ്പോഴും പ്രാബല്യത്തിലുണ്ട്.
പരിശോധന ശക്തമാക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ നികുതി അടയ്ക്കാതെ സൂക്ഷിച്ചിരുന്ന പണം ഉണ്ടായിരുന്നെന്ന് കണ്ടെത്തിയാലും ഇപ്പോഴത്തെ നിരക്കില്‍ അതിന് നികുതിയും പിഴയും ഈടാക്കും. സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്താനുള്ള ഇന്‍കം ഡിക്ലറേഷന്‍ സ്കീം അനുസരിച്ച് 65,250 കോടിയാണ് പുറത്തുവന്നത്. സെപ്തംബര്‍ 30ന് അവസാനിച്ച ഈ പദ്ധതിയുടെ പരിശോധന പൂര്‍ത്തിയാകുമ്പോള്‍ 30,000 കോടിയുടെ നികുതി വരുമാനമെങ്കിലും ഉണ്ടാക്കാന്‍ സര്‍ക്കാറിന് കഴിയുമെന്നാണ് കരുതുന്നത്.
