ബജറ്റ് എയര്‍ലൈനായ സ്പൈസ് ജെറ്റ് തങ്ങളുടെ പന്ത്രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. 12 രൂപയില്‍ തുടങ്ങുന്ന അടിസ്ഥാന വിലയിലുള്ള ടിക്കറ്റുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 23 മുതല്‍ 28 വരെയാണ് ഓഫര്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ 26 മുതല്‍ അടുത്ത വര്‍ഷം മേയ് 28 വരെയുള്ള കാലയളവിനുള്ളില്‍ യാത്ര ചെയ്യാനാവുന്ന ടിക്കറ്റുകള്‍ ഇങ്ങനെ ബുക്ക് ചെയ്യാന്‍ കഴിയും. പരിമിതമായ സീറ്റുകളാണ് ഇങ്ങനെ നല്‍കുന്നതെന്നും ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് ഞറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് മറ്റ് സമ്മാനങ്ങളും ലഭിക്കും. ആഭ്യന്തര-അന്താരാഷ്ട്ര ടിക്കറ്റുകള്‍, 10,000 രൂപയുടെ സൗജന്യ ഹോട്ടല്‍ വൗച്ചറുകള്‍ എന്നിങ്ങനെ നിരവധി സമ്മാനങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.