നന്തവും അത്ഭുതാവഹവുമായ കഴിവുകളുടെ വലിയ സ്രോതസാണു കേരളത്തിന്റെ യുവത്വമെന്നും, ഇവരുടെ കഴിവുകള്‍ക്കും ചിന്തകള്‍ക്കും വളരാന്‍ ആവശ്യമായ സാമ്പത്തിക സ്രോതസ് ലഭിക്കുന്നില്ലെങ്കില്‍ അതു മാര്‍ക്കറ്റിന്റെ വീഴ്ചയാണെന്നും ഐടി സെക്രട്ടറി എം. ശിവശങ്കര്‍. കൊച്ചിയില്‍ വിസിസര്‍ക്കിള്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ട്‌അപ് 2016 പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സേവന മേഖല അഭൂതപൂര്‍വമായ വളര്‍ച്ചയുടെ പാതയിലാണ്. ഈ വളര്‍ച്ചയ്ക്കൊപ്പം തൊഴില്‍ രീതികളും തൊഴില്‍ സംസ്കാരവും മാറുന്നുമുണ്ട്. കേരളത്തിന്റെ ഭാവി വളര്‍ച്ചയ്ക്ക് ഉതകുന്ന രീതിയിലാണ് ഈ മുന്നേറ്റുമുണ്ടാകുന്നതെന്നത് ആശാവഹം. സാമൂഹ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കി സേവനരംഗം വളരുമ്പോഴാണു നാടിന്റെ വളര്‍ച്ച യാഥാര്‍ഥ്യമാകുന്നത്. പുത്തന്‍ സ്റ്റാര്‍ട്ട്‌അപ്പുകള്‍ക്ക് ഏറെ കാര്യങ്ങള്‍ ഇതില്‍ ചെയ്യാനുണ്ട്. നിരവധി സ്റ്റാര്‍ട്ട്അപ്പുകള്‍ ഈ രംഗത്തു വന്നുകഴിഞ്ഞെങ്കിലും പുത്തന്‍ ചിന്തകളും കഴിവുകളും വളര്‍ത്തുന്നതില്‍ വേണ്ടത്ര ശ്രദ്ധയും പരിചരണവും നല്‍കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്.

പൊതുവിദ്യാഭ്യാസ ‍ഡയറക്ടറായിരിക്കെ താന്‍ കണ്ട ചില കാര്യങ്ങള്‍ പറയാം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലായി 4200000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. വൈവിധ്യമായ കഴിവുകളുടെ കലവറയാണ് ഈ വിദ്യാലയങ്ങള്‍. സ്കൂള്‍ യുവജനോത്സവം, കായികമേള, ശാസ്ത്ര മേള, പ്രവൃത്തിപരിചയ മേള എന്നിങ്ങനെ നാലു പരിപാടികളാണ് ഓരോ വര്‍ഷവും വിദ്യാര്‍ഥികളുടെ കഴിവുകള്‍ അളക്കുന്നതിനു നടക്കുന്നത്. നിര്‍ഭാഗ്യവശാല്‍ കലോത്സവത്തിനും കായികമേളയ്ക്കു മാത്രമാണു പ്രാധാന്യം ലഭിക്കുന്നത്. മാധ്യമ ശ്രദ്ധ ലഭിക്കുന്നതും ഈ രണ്ടു പരിപാടികള്‍ക്കു മാത്രം. അതിശയിപ്പിക്കുന്ന കണ്ടുപിടിത്തങ്ങളാണ് ഓരോ വര്‍ഷവും ശാസ്ത്രമേളകളില്‍ അവതരിപ്പിക്കപ്പെടുന്നത്. നഗരങ്ങളില്‍ വലിയ തലവേദനയായിരിക്കുന്ന മാലിന്യ സംസ്കരണം മുതല്‍ വൈദ്യുതി പ്രതിസന്ധിവരെ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ഇക്കഴിഞ്ഞ ശാസ്ത്രമേളയിലും കണ്ടു.

സ്കൂള്‍തലത്തിലും അവിടെനിന്നു സബ്‌ജില്ലാ തലത്തിലും പിന്നീട് ജില്ലാതലത്തിലും തങ്ങളുടെ കണ്ടുപിടിത്തങ്ങളും കഴിവുകളും അവതരിപ്പിച്ച് അതില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന 300 പേരാണു സംസ്ഥാന ശാസ്ത്രമേളയില്‍ വരുന്നത്. 10000 പേരില്‍നിന്നു സ്ക്രീനിങ് നടത്തിയെടുക്കുന്ന ഈ 300 വിദ്യാര്‍ഥികള്‍ എത്ര കഴിവുകളുള്ളവരായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കഴിഞ്ഞ തവണത്തെ ശാസ്ത്രമേളയിലേക്ക് നാഷണല്‍ ഇന്നൊവേഷന്‍ കൗണ്‍സിലിന്റെ ടീമിനെ ക്ഷണിച്ചിരുന്നു. ഇതിനുശേഷം മേളയില്‍ അവതരിപ്പിക്കപ്പെട്ട കണ്ടുപിടിത്തങ്ങള്‍ക്കു പേറ്റന്റ് ലഭിച്ചു. ആരും അറിയാതെപോകുന്ന നിരവധി ശാസ്ത്രജ്ഞര്‍ സ്കൂളുകളില്‍ വളരുന്നുണ്ട്. നമ്മുടെ വിദ്യാലയങ്ങള്‍ ഇത്തരം കഴിവുകളുടെ ഏറ്റവും വലിയ സ്രോതസുകളാണ്. അതു വളര്‍ത്തുന്നതിനു സാമ്പത്തികമായ പാലമിടാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു മാര്‍ക്കറ്റിന്റെ വീഴ്ചതന്നെയാണ്.

താന്‍ കെഎസ്ഇബി ചെയര്‍മാന്‍ ആയിരുന്നപ്പോഴാണു സ്റ്റാര്‍ട്ട്അപ്പ് വില്ലെജില്‍ കെഎസ്ഇബിയുടെ ഇന്നൊവേഷന്‍ സോണ്‍ തുടങ്ങിയത്. ഊര്‍ജ പ്രതിസന്ധിക്കു പരിഹാരമാകുന്ന പുത്തന്‍ ആശയങ്ങളും സംവിധാനങ്ങളും കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം. പുഷ്പങ്ങളുടേയും മരങ്ങളുടേുയും രൂപത്തിലുള്ള സ്ട്രീറ്റ് ലൈറ്റുകള്‍, ഒഴുകുന്ന സോളാര്‍ പവര്‍ പ്ലാന്റ് തുടങ്ങിയ ഞെട്ടിപ്പിക്കന്ന ആശയങ്ങള്‍ ഇവിടെനിന്നു തനിക്കു കിട്ടി. ഇന്നു കെഎസ്ഇബി ഓഫിസിനു മുന്നില്‍ ഇന്നു വിരിഞ്ഞു നില്‍ക്കുന്ന രണ്ടു സൂര്യകാന്തി പുഷ്പങ്ങളുടെ രൂപത്തിലുള്ള സ്ട്രീറ്റ് ലൈറ്റ് ഈ ആശയത്തില്‍ വിരിഞ്ഞതാണ്.

ഇത്തരത്തില്‍ ആരോഗ്യ മേഖലയിലും കാര്‍ഷിക മേഖലയിലും ജൈവ സാങ്കേതിക മേഖലയിലെല്ലാംതന്നെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിവുള്ള യുവത്വം ഇന്നു കേരളത്തിനുണ്ട്. പക്ഷേ, സാമ്പത്തിക പ്രശ്നങ്ങളും ആശയങ്ങള്‍ വേണ്ടിടത്ത് അവതരിപ്പിക്കപ്പെടാന്‍ അവസരങ്ങള്‍ ലഭിക്കാത്തതുമൂലം ഇതെല്ലാം ഉറങ്ങിക്കിടക്കുന്നെന്നു മാത്രം. ഇതിനു മാറ്റംകൊണ്ടുവരാന്‍ മാര്‍ക്കറ്റിനും സ്റ്റാര്‍ട്ട്‌അപ് നിക്ഷേപകര്‍ക്കും കഴിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.