തിരുവനന്തപുരം: ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ജി.എസ്.ടി ഓര്‍ഡിനൻസിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ചരക്ക് സേവന നികുതി രാജ്യത്ത് നടപ്പാക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങൾ പ്രത്യേകം നിയമം പാസാക്കേണ്ടതുണ്ട്. ഇതനുസരിച്ചാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് അംഗീകരിച്ചത്. ജി.എസ്.ടി നടപ്പാക്കുന്നത് നീട്ടിവെയ്ക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ജൂലൈ ഒന്നു മുതല്‍ തന്നെ ഇത് പ്രാബല്യത്തില്‍ വരുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര റവന്യൂ സെക്രട്ടറി ഹഷ്മുഖ് അദിയ പ്രസ്താവിച്ചിരുന്നു.